മക്ക - പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 17,615 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഇക്കൂട്ടത്തില്‍ 9,509 പേര്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരുമാണ്. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ചിരുന്ന 105 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളും സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. നിയമ നടപടികള്‍ക്ക് ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഹജ് ദിവസങ്ങളില്‍ മക്ക ഇഖാമയില്ലാത്തവരും മക്കയില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാത്തവരുമായ 2,02,695 വിദേശികളെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാത്ത 1,28,999 വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 33 ഡ്രൈവര്‍മാരെ സുരക്ഷാ സൈനികര്‍ അറസ്റ്റ് ചെയ്തു. ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ഇവരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കൈമാറിയതായും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.