Sorry, you need to enable JavaScript to visit this website.

കാസർക്കോട് ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി

കാസർകോട്- ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) ആണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്.ഐ  കെ.പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. അതുവരെ മൃതദേഹത്തിന് പൊലീസ് കാവൽ ഏർപെടുത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായ ഉൾപെടെയുള്ള സന്നാഹങ്ങളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്.ഐ വിനോദ് കുമാർ പറഞ്ഞു.

കൊല്ലപ്പെട്ടത് ഒറ്റക്ക് താമസിക്കുന്ന സമ്പന്നൻ
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. പൈവളികെ കയ്യാർ സ്വദേശിനിയായ ഭാര്യ 25 വർഷം മുമ്പ് ഇയാളുമായുള്ള വിവാഹ ബന്ധം വേർപെടുത്തി സ്വന്തം വീട്ടിലേക്ക് പോയതാണ്. അതിന് ശേഷം ഒറ്റക്ക് സുഹൃത്തുക്കളുടെ ഒപ്പം അടിച്ചുപൊളിച്ചാണ് ജീവിതം. നാട്ടിലെ വലിയ ധനാഢ്യനാണ് കൊല്ലപ്പെട്ട ക്രാസ്റ്റ. ബോർവെൽ ഏജൻസിയും മറ്റു സാമ്പത്തിക ഇടപാടുകളും സ്വന്തമായി നടത്തി വരുന്ന തോമസ് ക്രാസ്റ്റക്ക് രണ്ടു വീടുകളും രണ്ടു അപ്പാർട്ടുമെന്റുകളും സ്വന്തമായുണ്ട്. ഇയാളുടെ കീഴിൽ നിരവധി തൊഴിലാളികളും പണിയെടുക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയത് തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ കക്കൂസ് കുഴിയിൽ
അന്യസംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന നിർമ്മാണം പൂർത്തിയാകാത്ത അയൽവാസിയുടെ വീടിന്റെ കക്കൂസ് കുഴിയിലാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കിടന്നിരുന്നത്. പൊലീസ് സ്ഥലത്തെത്തി കക്കൂസ് കുഴിയുടെ കോൺക്രീറ്റ് മൂടി തുറന്നു നോക്കിയാണ് മൃതദേഹം ഇയാളുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ചാക്കിന്റെ കെട്ടുകൾ പൂർണ്ണമായി അഴിച്ചിട്ടില്ല. മൃതദേഹം പൊലീസ് പുറത്തെടുത്തിട്ടുമില്ല. മരണത്തിൽ നിറയെ ദുരൂഹതകൾ ഉള്ളതിനാൽ ഇന്ന് രാവിലെ മാത്രമേ പൊലീസ് ചാക്ക് കെട്ട് തുറന്ന് മൃതദേഹം പുറത്തെടുക്കുകയുള്ളൂ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്വട്ടേഷൻ സംഘം വകവരുത്തിയതാണോ, അന്യസംസ്ഥാന തൊഴിലാളികൾ കൊലപ്പെടുത്തിയതാണോ മറ്റേതെങ്കിലും വിഷയം ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 

Latest News