റിയാദ് - അഗളിയിലെ ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകി കേളി കലാസാംസ്‌കാരിക വേദി ഒലയ്യ യൂണിറ്റ് പ്രവർത്തകർ.
മലാസ് ഏരിയയിലെ ഒലയ്യ യൂണിറ്റ് പ്രവർത്തകർ പൊതു സമൂഹത്തിൽ നിന്നും ശേഖരിച്ച പുതിയതും ഉപയോഗയോഗ്യവുമായ സ്‌കൂൾ ബാഗുകളും മറ്റു പഠനോപകരങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന 200 കിലോ കാർഗോ, ഈസി കാർഗോയുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിച്ചത്.
യൂണിറ്റ് കമ്മിറ്റി അംഗങ്ങളും അനുഭാവികളും മലാസ് ഏരിയയിലെ മറ്റ് യൂണിറ്റ് അംഗങ്ങളും പ്രവർത്തനവുമായി സഹകരിച്ച് ഉത്പ്പന്നങ്ങൾ ശേഖരിച്ചു. സി.പി .എം അഗളി കാരറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യും.
മലാസ് ഏരിയ കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജവാദ് പരിയാട്ട് ശേഖരിച്ച ഉത്പ്പന്നങ്ങൾ കാർഗോ വിഭാഗത്തിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷമീം മേലേതിൽ, പ്രസിഡന്റ് നിയാസ് ഷാജഹാൻ, ട്രഷറർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനീഷ്, വൈസ് പ്രസിഡന്റ് അർഷാദ്, എക്‌സിക്യൂട്ടീവ് അംഗം ലബീബ്, യൂണിറ്റ് അംഗം അനൂപ്, മലാസ് യൂണിറ്റ് സെക്രട്ടറി സമീർ തുടങ്ങിയവർ പങ്കെടുത്തു.