Sorry, you need to enable JavaScript to visit this website.

പീഡന കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല; പ്രതികള്‍ മൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി

കൊച്ചി- കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതരായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം അറസ്റ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വൈദിക പദവി ദുരുപയോഗം ചെയ്ത് പ്രതികള്‍ യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. വൈദികര്‍ വേട്ടമൃഗങ്ങളെ പോലെയാണ് പെരുമാറിയത്. മജിസ്‌ട്രേറ്റിന്റേയും അന്വേഷണ ഉദ്യോഗസ്ഥന്റേയും മുന്നില്‍ യുവതി നല്‍കിയ മൊഴി തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. 

പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് വൈദികര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. 2009-ല്‍ ഫാദര്‍ ജോബ് മാത്യുവിനു മുമ്പാകെ യുവതി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് ജോബ് മാത്യു ഈ വിവരം മറ്റു പ്രതികളെ അറിയിക്കുകയും അവരും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആഢംബര ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
 

Latest News