ദമാം- മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം-സലാല ഡയറക്ട് സർവീസിന് തുടക്കം കുറിച്ചു. അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. പുതിയ സർവീസ് തുടങ്ങുന്നതോടനുബന്ധിച്ച് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്‌ളൈ നാസ് സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ ദമാം എയർപോർട്ട്‌സ് കമ്പനി, ഫ്‌ളൈ നാസ് പ്രതിനിധികൾ പങ്കെടുത്തു. വ്യാഴം, ശനി ദിവസങ്ങളിലായി പ്രതിവാരം രണ്ടു സർവീസുകൾ വീതമാണ് ദമാമിലും സലാലക്കുമിടയിൽ ഫ്‌ളൈ നാസ് നടത്തുന്നത്.
സലാലയിലേക്കുള്ള പുതിയ സർവീസ് ഫ്‌ളൈ നാസ് യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും. റിയാദിൽ നിന്ന് അഞ്ചും ജിദ്ദയിൽ നിന്ന് മൂന്നും പ്രതിവാര സർവീസുകൾ ഫ്‌ളൈ നാസ് സലാലയിലേക്ക് നടത്തുന്നുണ്ട്. റിയാദിൽ നിന്ന് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ജിദ്ദയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സലാലയിലേക്ക് ഫ്‌ളൈ നാസ് സർവീസുകളുള്ളത്.
ഈ വർഷത്തെ വേനൽക്കാലത്ത് ഏഷ്യയിലെയും യൂറോപ്പിലെയും പത്തു നഗരങ്ങളിലേക്കു കൂടി ഫ്‌ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്താരാഷ്ട്ര സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതും കമ്പനി തുടരുന്നു. നിലവിൽ 20 വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈ നാസ് സർവീസുകൾ നടത്തുന്നുണ്ട്. സൗദിയിലെയും വിദേശങ്ങളിലെയും 70 ലേറെ നഗരങ്ങളിലേക്ക് പ്രതിവാരം 1,500 ലേറെ സർവീസുകൾ ഫ്‌ളൈ നാസ് നടത്തുന്നുണ്ട്. കമ്പനിക്കു കീഴിൽ 49 വിമാനങ്ങളുണ്ട്. 2007 ൽ പ്രവർത്തനം ആരംഭിച്ച ശേഷം ഫ്‌ളൈ നാസ് സർവീസുകളിൽ ആറു കോടിയിലേറെ പേർ യാത്ര ചെയ്തിട്ടുണ്ട്.