കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുസ്‌ലിം വിദ്യാർഥിനികൾ സർജറി സമയത്ത് ശിരോവസ്ത്രവും ഫുൾ സ്ലീവും ധരിക്കാൻ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിന് നേരെ നടന്നു കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളെ ചെറുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ.
മുസ്‌ലിം സമൂഹത്തിന്റെ കേവല ആവശ്യങ്ങൾ പോലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി അതിനെ മുസ്‌ലിം സമുദായത്തിന് നേരെയുള്ള വംശീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് സംഘ്, ലിബറൽ, മതേതര പക്ഷത്ത് നിൽക്കുന്നവർ. വിദ്യാർഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്ത് ചോർന്നതിൽ ദുരൂഹതയുണ്ട്. മതം അനുഷ്ഠിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന മൗകികാവകാശങ്ങളിൽ പെട്ടതാണ്. ഹിന്ദുത്വം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയും മുസ്‌ലിംകളുടെ എല്ലാ തരത്തിലുമുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് മതേതരമെന്ന് പറയുന്ന കേരളീയ പൊതുമണ്ഡലവും നിരന്തരം തുടർന്ന് വരുന്ന മുസ്‌ലിം വിരുദ്ധതയുടെ തുടർച്ചയാണ് ഈ വിവാദത്തിലും കാണാൻ സാധിക്കുന്നത്. ലിബറൽമതേതര ആശയങ്ങളുടെ പേര് പറഞ്ഞ് മുസ്‌ലിം വിരുദ്ധമായ പ്രചരണം നടത്താനാണ് ഇടതുപക്ഷമടക്കമുള്ളവരും ശ്രമിക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളോട് സർക്കാർ തുടരുന്ന നിസ്സംഗ സമീപനം ആണ് ഇത്തരം വംശീയ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നത്. കത്ത് ചോരാനുണ്ടായ സാഹചര്യം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണം സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പട്ടു.