Sorry, you need to enable JavaScript to visit this website.

പ്രതികള്‍ക്ക് നേരെ പാഞ്ഞടുത്ത് കൊല്ലപ്പെട്ട രാജുവിന്റെ ബന്ധുക്കള്‍, തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം - മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. പ്രതികളെ പോലീസ് ജീപ്പില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയാതെ വന്നതോടെ ജീപ്പില്‍ ഇരുത്തിക്കൊണ്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വര്‍ക്കല രാജു കൊലക്കേസിലെ തെളിവെടുപ്പിനിടെയാണ്  നാടകീയ രംഗങ്ങള്‍ ഉണ്ടായത്. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുന്‍പ് പ്രതികള്‍ മദ്യപിച്ച ബാറിലും ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നു ദിവസത്തേക്കാണ് ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ പോലീസിന് കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ പ്രതികളെ തിരിച്ച് കോടതിയില്‍ ഹാജരാക്കണം.
പ്രതികളായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ മനു, ശ്യാം എന്നിവരെ രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിന്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ക്ക് നേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉയര്‍ന്നു. നാട്ടുകാരും രാജുവിന്റെ മകനും മറ്റു ബന്ധുക്കളും പ്രതികള്‍ക്കു നേരെ പാഞ്ഞടുത്തു. പ്രതികളെ ഇറക്കി വീട്ടിലേക്ക് കൊണ്ടു പോയാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ബോധ്യമായതോടെ ഇവരെ ജീപ്പില്‍ തന്നെ ഇരുത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വാഹനത്തില്‍ ഇരുത്തി തന്നെ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാറുണ്ട്. ഇത് കേസിനെ ബാധിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ ഉതകുന്ന വിധമുള്ള തെളിവുകള്‍ ഇതിനകം തന്നെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണസംഘം പറഞ്ഞു. കൊലപാതകം നടന്ന വീട്ടിലെത്തിക്കും മുന്‍പ് പ്രതികളെ വര്‍ക്കല ക്ലിഫിനു സമീപത്തെ ബാറില്‍ എത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്ന് മദ്യപിച്ച് ശേഷമാണ് പ്രതികള്‍ രാജുവിന്റെ വീട്ടിലേക്കെത്തിയത്.

 

Latest News