മലപ്പുറം- കോളേജസ് ഓഫ് ഇസ്ലാമിക് കോർഡിനേഷൻ(സി.ഐ.സി)യുമായി ബന്ധപ്പെട്ട് തന്റെ പേര് കൂടി ചേർത്ത് തീർത്തും തെറ്റിദ്ധാരണാജനകമായ വാർത്തകൾ വരുന്നത് മാനസ്സികമായി വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. വളാഞ്ചേരി മർക്കസ്സിൽ വാഫി വഫിയ്യ കോഴ്‌സുകൾ നിർത്തലാക്കി തീരുമാനം വന്നിരുന്നുവെന്നും അതിനിടക്ക് അവിടെ കേസും അനുബന്ധ പ്രശ്‌നങ്ങളും സംഭവിച്ചപ്പോൾ നിലവിൽ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഠനം പൂർത്തീകരിക്കാൻ അനുമതി നൽകി മർക്കസ് കമ്മിറ്റി തീരുമാനം എടുത്തുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വാഫി വഫിയ്യ സമസ്ത വിരുദ്ധമാണ്,കോഴ്‌സ് തുടരാൻ പാടില്ല എന്നാവശ്യപ്പെട്ടും ആളുകൾ സമീപിക്കുകയുണ്ടായി.ആ ഘട്ടത്തിൽ പ്രസ്തുത വിഷയം പഠിക്കാനും അത് സംബന്ധമായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും ഒരു സമിതി രൂപികരിച്ചു.ആ സമിതി കണ്ടെത്തിയ കാര്യങ്ങളുടെ സംക്ഷേപം അറിയിക്കാൻ സമിതിയുമായി ബന്ധപ്പെട്ടവർ എന്റെയും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു. അവർ വന്നു സംസാരിച്ചു പോയി എന്നതല്ലാതെ അവിടെ മീറ്റിംഗ് കൂടുകയോ എന്തെങ്കിലും പ്രത്യേക തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. യാഥാർത്ഥ്യം ഇതായിരിക്കേ,ഇപ്പോൾ ഇത് സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുവെന്നത് തീർത്തും നിർഭാഗ്യകരമാണ്.
എസ്എൻഇസിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും മർക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹദ് സംഘടനയും പാണക്കാട് കുടുംബവുമായുള്ള ബന്ധം നിർവ്വചനങ്ങൾക്കപ്പുറത്ത് അഭേദ്യമായ ഒന്നാണ്. പിതാമഹന്മാരായ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളും സയ്യിദ് പി എംഎസ്എ പൂക്കോയ തങ്ങളും അവരീ പ്രസ്ഥാനത്തിന് വേണ്ടിയർപ്പിച്ച അതുല്യമായ സംഭാവനകളും സമസ്തയുടെ ചരിത്രത്തിൽ വർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണ്. പിന്നീടങ്ങോട്ട് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ പൈതൃകം സൂക്ഷ്മതയോടെ പരിപാലിച്ചു. ആ മാർഗം തന്നെയാണ് നമ്മുടേയും പാന്ഥാവ്. സമസ്തയുടെ ബഹുമാന്യരായ പണ്ഡിതന്മാരുടെ സ്‌നേഹാദരവുകൾ ഏറ്റാണ് എന്നും വളർന്നത്. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ല്യാരും മുതൽ അത്തിപ്പറ്റ ഉസ്താദടക്കമുള്ളവരുടെ മുഹിബ്ബുകൾ കുഞ്ഞുനാൾ മുതൽ ധാരാളം അനുഭവിച്ചിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ അനുധാവനങ്ങൾ പിതാമഹന്മാരുടെ ജീവിത വഴികളിൽ നിന്നും ബാപ്പയുടേയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും അടുത്ത് നിന്നും അത്തിപ്പറ്റ ഉസ്താദിനെപോലുള്ളവരിൽ നിന്നും ഗ്രഹിച്ചാണ് ജീവിച്ചത്. അതുകൊണ്ടു തന്നെ സഹജീവികളെ പറ്റുന്ന രീതിയിൽ സഹായിക്കാനും മുറിവുണക്കാനുമല്ലാതെ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിരുദ്ധമായ ഒരാരോപണം അള്ളാഹുവിന്റെ സഹായത്താൽ ഇന്നുവരെ നമ്മുടെ കുടുംബത്തിന് ആരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുമില്ല.കാലവും ചരിത്രവും ഈ സമൂഹവും തന്നെയാണതിന്റെ സാക്ഷ്യം.!
ആർക്കെതിരെയും ഒരു പ്രത്യേക നിലപാട് സ്വീകരിച്ച് ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല നമ്മുടെ ദൗത്യം എന്ന് തിരിച്ചറിവുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അതിന് കഴിയാത്ത ഘട്ടത്തിൽ അള്ളാഹുവിൽ ഭരമേല്പിച്ച് മാറി നിൽക്കുകയാണ് ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്. അള്ളാഹു ഉദ്ദേശിക്കുന്ന കാലത്തോളം അനുസ്യൂതം അത് തുടർന്നു കൊണ്ടിരിക്കും. നമ്മുടെ പൂർവ്വീകരാൽ നട്ടുനനച്ചു വളർത്തിയ ഒരു പ്രസ്ഥാത്തിന്റെ മറുപക്ഷത്ത് നമ്മുടെ പേര് വലിച്ചിഴക്കുന്നവർ ദയവായി വസ്തുതകൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.അള്ളാഹു സത്യം മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവർക്കും പ്രദാനം ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുമാറാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.