മനാമ- ബഹ്‌റൈനില്‍ ദമ്പതികളെ കബളിപ്പിച്ച് ഒരു ലക്ഷം ദിനാറും ആഭരണങ്ങളും കാറുകളും ഭൂമിയും തട്ടിയെടുത്ത മന്ത്രവാദിയുടെ ശിക്ഷ ലോവര്‍ ക്രിമിനല്‍ കോടതി ജൂലൈ അഞ്ചിലേക്ക് മാറ്റിവച്ചു. മന്ത്രവാദത്തിലൂടെ രോഗശാന്തിയും ജിന്ന് ഒഴിപ്പിക്കലും വാഗ്ദാനം ചെയ്താണ് പ്രതി ദമ്പതികളെ വഞ്ചിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഭര്‍ത്താവ് ആദ്യം മന്ത്രവാദിയുടെ വാഗ്ദാനം നിരസിച്ചിരുന്നുവെങ്കിലും ഭാര്യ പ്രതിയില്‍ നിന്ന് എണ്ണയും തേനും കൊണ്ടുവന്ന് ഭര്‍ത്താവിന്റെ കഴുത്തില്‍ ഓപ്പറേഷനുശേഷമുണ്ടായ മുറിവില്‍ പുരട്ടുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയുമായി കൂടുതല്‍ ഇടപെടാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത.
തുടര്‍ന്ന് ദമ്പതികളുടെ മകളെ ഒരു ജിന്ന് പിന്തുടരുന്നതായി മന്ത്രവാദി പറഞ്ഞു. കൂടാതെ, ദിറാസില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള കുറച്ച് ഭൂമി അശുദ്ധമാക്കിയതായും പറഞ്ഞു. ഭൂമിയുടെ നില പഴയപടിയാക്കാന്‍ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റണമെന്നും സുരക്ഷിതമായാല്‍ പിന്നീട് തിരികെ നല്‍കാമെന്നും പറഞ്ഞു. മന്ത്രവാദി കൊണ്ടുവന്ന എണ്ണയും തേനും കഴിച്ചതിന് ശേഷം അയാള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ദമ്പതികള്‍ വഴിങ്ങിയെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു.
കുറച്ച് നാളുകള്‍ക്കു ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ ശപിക്കപ്പെട്ടതാണെന്നും അവ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ ചികിത്സ നടത്തണമെന്നും മന്ത്രവാദി സ്ത്രീയോട് പറഞ്ഞു. 7,000 ദിനാറിന്റെ സ്വര്‍ണം ഇങ്ങനെ കൈക്കലാക്കിയ ശേഷം തിരികെ നല്‍കിയില്ല. സഹപ്രവര്‍ത്തകര്‍ സ്ത്രീക്കെതിരെ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലം ഇല്ലാതാക്കാന്‍ മറുമന്ത്രവാദം നടത്താനും പണം ആവശ്യപ്പെട്ടു.
ചികിത്സക്കായി നിരവധി തവണ അമ്പതിനും മുന്നൂറിനും ഇടയിലുള്ള തുകകള്‍ ഈടാക്കി. ഒരു ഘട്ടത്തില്‍ പ്രതി ദമ്പതികളോട് 9,000 ദിനാര്‍ ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദമ്പതികള്‍ക്ക് 7,000 ദിനാര്‍ മാത്രമേ ശേഖരിക്കാനായുള്ളൂ. ബാക്കി തുകക്കവേണ്ടി കാര്‍ വില്‍ക്കാന്‍ അയാള്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കാര്‍ കൊണ്ടു പോയ മന്ത്രവാദി കാര്‍ ജിന്നിന്റെ കൈവശമാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും അവകാശപ്പെട്ടു. എന്നാല്‍ പ്രതി പിന്നീട് അതേ വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് ദമ്പതികള്‍ പോലീസിനെ സമീപിച്ചത്.