കൊച്ചി- സി.പി.എം സഹയാത്രികനും മാധ്യമപ്രവർത്തകനുമായ നികേഷ് കുമാറിന്റെയും മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെയും നേതൃത്വത്തിൽ റിപ്പോർട്ടർ ചാനൽ വീണ്ടും സംപ്രേഷണം തുടങ്ങിയത് ഇന്ന് രാവിലെ മുതലാണ്. കേരളത്തിലെ മുൻനിര മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തോടെയാണ് ചാനൽ വീണ്ടും തുടങ്ങിയത്. അതേസമയം, ചാനൽ തുടക്കത്തിൽ തന്നെ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഒന്ന് സംബന്ധിച്ച് വിവാദം ഉയരുകയാണിപ്പോൾ. കഴിഞ്ഞ മാസം കേരളത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനയുമായി ബന്ധപ്പെട്ട വാർത്തയാണ് വിവാദത്തിന് ആധാരം. ഈ കേസിലെ പ്രതിയുടെ കുടുംബത്തിന്റെ അഭിമുഖമാണ് റിപ്പോർട്ടർ ടി.വി പ്രസിദ്ധീകരിച്ചത്. വന്ദനയുടെ കുടുംബത്തോട് മാപ്പു ചോദിക്കുന്നുവെന്നാണ് അമ്മയെ കൊണ്ട് പറയിപ്പിച്ചത്. എന്നാൽ ഒരു ക്രിമിനൽ പ്രവൃത്തിയുടെ ഉത്തരവാദിത്വം അത് ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണെന്നും അല്ലാതെ അയാളുടെ മാതാപിതാക്കളുടേതോ ബന്ധുക്കളുടേതോ സുഹൃത്തുക്കളുടേതോ അല്ലെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. അല്ലെങ്കിൽപ്പിന്നെ ആ മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ പദവിയോ അധികാരമോ സാമൂഹ്യബന്ധങ്ങളോ ഒക്കെ ദുരുപയോഗിച്ചാണ് പ്രസ്തുത ക്രിമിനൽ പ്രവൃത്തി നടത്തപ്പെട്ടത് എന്ന സ്ഥിതിയുണ്ടാവണം.
സന്ദീപ് എന്ന പ്രായപൂർത്തിയായ ഒരു വ്യക്തി ചെയ്ത കൊലപാതകത്തിന്റെ പേരിൽ അയാളുടെ അമ്മയേക്കൊണ്ട് മാപ്പ് പറയിച്ച് അത് വലിയ വാർത്തയാക്കുന്നത് എന്ത് തരം മാധ്യമ പ്രവർത്തനമാണെന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ഒരൽപ്പം നീട്ടിവലിച്ചാൽ അത് ചെന്നെത്തുക 'വളർത്തുദോഷം', 'നല്ല കുടുംബത്തിൽ പിറക്കായ്ക' തുടങ്ങിയ പിന്തിരിപ്പൻ, മനുഷ്യവിരുദ്ധ ആശയങ്ങളിലായിരിക്കും എന്നതിൽ സംശയമില്ല. ഒരു ക്രിമിനൽ പ്രവൃത്തി നടത്തിയയാളുടെ നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു അനഭിലഷണീയമായ സംസ്‌ക്കാരത്തിനാണ് ഇതുപോലുള്ള വാർത്തകൾ വഴിവെക്കുന്നതെന്നും ബൽറാം പറഞ്ഞു.