ന്യൂദല്‍ഹി - കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി. സുപ്രീംകോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് യു ജി സിക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് യു ജി സി സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക. പ്രിയവര്‍ഗീസിന് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ യു ജി സി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശമാണ് ലഭിച്ചത്. യു ജി സി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടു വര്‍ഷത്തെഅധ്യാപന പരിചയം വേണമെന്നാണ് യു ജി സി വ്യവസ്ഥ. എന്നാല്‍ പ്രിയാ വര്‍ഗീസ് കോളജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. ഇത് യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടുകൂടി 2018ലെ യു ജി സി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായിബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് മറ്റ് പലരും ഭാവിയില്‍ ഈ രീതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യു ജി സി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യു ജി സി തീരുമാനമെടുത്തത്.