തൃശ്ശൂര്‍ - വ്യാജ മയക്കുമരുന്ന് കേസില്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ 72 ദിവസം ജയിലില്‍ കിടക്കാന്‍ ഇടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്‌സൈസ് വിജിലന്‍സും എക്‌സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയില്‍ വിട്ടു വീഴ്ച്ചയുണ്ടാകില്ല. എക്‌സൈസ് നടപടികളെ സ്വാര്‍ത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി വന്ന ഷീലാ സണ്ണി എന്ന വീട്ടമ്മയാണ് തെറ്റായി രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസില്‍ 72 ദിവസം ജയിലില്‍ കിടന്നത്. തന്നെ കേസില്‍ പെടുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഷീലാ സണ്ണി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കും. താന്‍ നേരിട്ടത് കടുത്ത അപമാനമാണെന്നും ഷീലാ സണ്ണി പറഞ്ഞു.