കൊച്ചി - പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് സംഭാവനകള്‍ കൈപ്പറ്റിയതില്‍ ക്രമക്കേടുകളുണ്ടെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്നതും വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയുമാണ് ഇ ഡി പരിശോധിക്കുന്നത്. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയില്‍ സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇ ഡിയും അന്വേഷണവുമായി എത്തിയിരിക്കുന്നത്.