- ഏക സിവിൽകോഡ് ഭാരത സംസ്‌കാരത്തിന്റെ നാരായവേര് തകർക്കും
കോട്ടയം- മണിപ്പൂർ കലാപത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ ബാവ കുറ്റപ്പെടുത്തി. ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുന്നുണ്ട് അവിടെ. എല്ലാ വിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു, മണിപ്പൂരിൽ നടക്കുന്ന കാര്യങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് നാണക്കേടാണ്.
മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളിൽ സഭ ആശങ്ക അറിയിച്ചിരുന്നു. പള്ളികൾ തകർക്കപ്പെട്ടു. കലാപം തുടരുന്നതിൽ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാൻ കഴിയുന്നില്ല. കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല. സർക്കാർ പരിഹാരം കണ്ടത്തണം. ആരും കൊല്ലപ്പെടരുതെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ മതന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കണം. മതേതരത്വം നഷ്ടപ്പെടുത്തുന്ന സിവിൽ കോഡ് ഭാരത സംസ്‌കാരത്തിന്റെ നാരായവേര് തകർക്കും. ഭരണഘടനാതത്വങ്ങൾ പാലിക്കപ്പെടണം. തിടുക്കപ്പെട്ട് നടപ്പാക്കേണ്ട ഒന്നല്ല ഏക സിവിൽ കോഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭാതർക്ക വിഷയം മുഖ്യമന്ത്രിയുമായി പലതവണ സംസാരിച്ചു. കോടതിവിധിയും ഭരണഘടനയും മാനിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിലൂന്നിയുള്ള വിട്ടുവീഴ്ചകൾക്ക് സഭ തയാറാണ്. നിയമ നിർമാണത്തിനോട് ഓർത്തഡോക്സ് സഭ യോജിക്കുന്നില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ പക്ഷപാത നിലപാട് അവസാനിപ്പിച്ച് നിഷ്പക്ഷ നീതി നടപ്പാക്കാൻ തയാറാവണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. എല്ലാ സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുവാനും ജനാധിപത്യം നിലനിർത്തുവാനും ഏകോദര സഹോദരങ്ങളെ പോലെ കൈകോർത്ത് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിൽ നടക്കുന്ന നരവേട്ടയും, ന്യൂനപക്ഷ പീഡനവും, ആരാധന നിഷേധവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു