ആലപ്പുഴ-നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ആലപ്പുഴ ബീച്ചിലെ മാലിന്യകാഴ്ചകള്‍ ഓസ്‌ട്രേലിയന്‍ യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് അധികൃതര്‍ക്ക് നാണക്കേടായി. കേന്ദ്ര സര്‍ക്കാരിനെയടക്കം ശുചിത്വ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിലുള്ള അലംഭാവം തുറന്നു കാട്ടുന്നതായി വിദേശ വനിതയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയ കാതറിന്‍ എലിസബത്താണ് ആലപ്പുഴ ബീച്ചിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ഇവിടെ ജനങ്ങള്‍ എല്ലാ വസ്തുക്കളും ബീച്ചിലാണ് നിക്ഷേപിക്കുന്നതെന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്. റബ്ബിഷ് ബീച്ച് എന്നാണ് ആലപ്പുഴ ബീച്ചിനെ കാതറിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയും വൃത്തികേടായി കിടക്കുന്ന ബീച്ച് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു.
'ഓസ്‌ട്രേലിയയില്‍ ഞങ്ങള്‍ ബീച്ചുകളെ സംരക്ഷിക്കാറുണ്ട്. ബീച്ചുകള്‍ മാത്രമല്ല പ്രകൃതിയെയും സമുദ്രത്തിനുള്ളില്‍ വസിക്കുന്ന ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനായി ബോധവത്കരണം നടത്താറുണ്ട്. എന്നാല്‍ ഇത്രയും വൃത്തികേടായി കിടക്കുന്ന ബീച്ച് ഞെട്ടിച്ചു. വിദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്തുന്ന ഇത്തരമൊരു സ്ഥലത്ത് മാലിന്യം കുന്നുകൂടാനുള്ള കാരണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. അതുകൊണ്ടാണ് ബീച്ചുകളെ പരിപാലിക്കുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കുന്നത് യോഗ പരിശീലക കൂടിയായ കാതറിന്‍ വീഡിയോയില്‍ പറയുന്നു.