നിലമ്പൂര്‍-വണ്ടൂര്‍ നടുവത്തെ വാടക കെട്ടിടത്തിനുള്ളില്‍ 57 കാരന്‍ മരിച്ചത് മദ്യപിക്കുന്നതിനിടെ പിറകിലോട്ട് വീണെന്ന് നിഗമനം. സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയില്ലെന്നാണ് സൂചന. അതേ സമയം സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നടുവത്തെ വാടക കെട്ടിടത്തിലെ മൂന്നാം നിലയില്‍ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായാണ് കറളികാടന്‍ വീട്ടില്‍ പി.എ സലിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. നടുവത്ത് ചായക്കട നടത്തുന്നയാളാണ് സലീം. കുറ്റിയാടി സ്വദേശിയായ ഇദ്ദേഹം നടുവത്ത് സ്വദേശിനിയെ വിവാഹം
കഴിച്ച് ഇവിടെ താമസിച്ചു വരികയായിരുന്നു. ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ സലീമിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കെട്ടിടത്തിലെ മുറിയില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിറകിലോട്ട് മറിഞ്ഞ് വീണു തലയിടിച്ച് മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം വൈകിട്ട് മൂന്നരയോടെ കാട്ടുമുണ്ട ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.