നജ്‌റാൻ- കെ.എം.സി.സി നജ്‌റാൻ സെൻട്രൽ കമ്മിറ്റി ബക്രീദ് ദിനത്തിൽ പ്രവാസികൾക്കായി സംഘടിപ്പിച്ച പെരുന്നാൾ പൊലിവ് പ്രവാസികളുടെ സാന്നിധ്യം കൊണ്ടും കലാ കായിക മത്സരങ്ങളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. കായിക മത്സര വിഭാഗത്തിലെ ഷൂട്ട് ഓൺ ടാർഗറ്റ് മത്സരത്തിൽ ഗോളടിച്ചു കൊണ്ട് മത്സരങ്ങൾക്ക് തുടക്കമായി. കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. ഷൂട്ട് ഓൺ ടാർജറ്റ് മത്സരത്തിൽ സിനു സനയ്യ ഒന്നാം സമ്മാനം നേടി. കാൽപന്ത് കളി നെഞ്ചിലേറ്റിയ നജ്‌റാൻ പ്രവാസികളുടെ ഹൃദയങ്ങളെ ആവേശാരവത്തിലേറ്റിയ ഷൂട്ടൗട്ട് മത്സരത്തിൽ ടീം പ്രതിഭാ എഫ്.സി വിന്നേഴ്‌സ് ട്രോഫിയും ടീം ഫോക്കസ് എഫ്.സി റണ്ണേഴ്‌സ് ട്രോഫിയും സ്വന്തമാക്കി. മത്സര വിഭാഗത്തിലെ ആവേശകരവും വാശിയേറിയതുമായ വടംവലി മത്സരത്തിൽടീം ബ്രദേഴ്‌സ് കൊല്ലം ജേതാക്കളായി. ഫോക്‌സ് എഫ്.സിയുടെ ടീം ബ്ലാക്ക് റോക്ക്‌സ് റണ്ണേഴ്‌സിനുള്ള ട്രോഫി കരസ്ഥമാക്കി.
ഖാലിദിയ്യ തൻഫീദ് സ്റ്റേഡിയത്തിൽ ആരംഭിച്ച ചടങ്ങുകൾ പ്രോഗ്രാം കൺവീനർ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം പൂളപ്പൊയിൽ അധ്യക്ഷത വഹിച്ചു. നജ്‌റാനിലെ വിവിധ സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. അനിൽ രാമചന്ദ്രൻ, ആദർശ്(പ്രതിഭ), മുസ്തഫ വയനാട് (എസ്.ഐ.സി), അക്ബർ താനൂർ (നാസ്‌ക്), ജാബിർ ആരാമ്പ്രം (ഫോക്കസ്), കരീം (വി.എഫ്.എസ്), ഹാഷിർ (ഐ.സി.എഫ്്), നജ്‌റാനിലെ പ്രമുഖ വ്യവസായികളായ സക്കറിയ കിംഗ്ഡം, മുസ്തഫ കെൻസ്, ഷിന്റോ സിറ്റി ഫഌർ, റഷീദ് കൊല്ലം തറവാട് ഹോട്ടൽ, അബ്ദുൽജബ്ബാർ സനാ ബിൽ ഹൽബ, സലിം ഇൻഡോമി, സൈനുദ്ദീൻ, ഹസ്സൻ സൂഖ് ബ്രോ പങ്കെടുത്തു. സലിം ഉപ്പള നന്ദി പറഞ്ഞു.