ജിദ്ദ- ലോകരാജ്യങ്ങളിൽ നിന്നെത്തിയ ഹജ് തീർഥാടകരുടെ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനലിൽ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ സന്ദർശനം നടത്തി. ഹാജിമാരുടെ മടക്കയാത്രാ നടപടികൾ പൂർത്തിയാക്കാൻ ഏർപ്പെടുത്തിയ ഫീൽഡ് സജ്ജീകരണങ്ങൾ മന്ത്രി വിലയിരുത്തി.
അംഗീകൃത പ്രവർത്തന പദ്ധതി കണിശമായി പാലിക്കാനും മടക്ക സർവീസുകൾക്കുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാനും എയർപോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ജിദ്ദ എയർപോർട്ട് വഴി 11 ലക്ഷത്തിലേറെ ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, മടക്ക യാത്രയിൽ പാലിക്കേണ്ട പ്രധാന നിർദേശങ്ങളെ കുറിച്ച് തീർഥാടകരെ ജിദ്ദ എയർപോർട്ട്‌സ് കമ്പനി ബോധവൽക്കരിക്കാൻ തുടങ്ങി. ലാസ്റ്റ് കോൾ എന്ന ശീർഷകത്തിലുള്ള ബോധവൽക്കരണ കാമ്പയിൻ 50 ലേറെ സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ടെലികോം കമ്പനികളുമായി സഹകരിച്ച് ലക്ഷക്കണക്കിന് ബോധവൽക്കരണ സന്ദേശങ്ങൾ തീർഥാടകരുടെ മൊബൈൽ ഫോണുകളിലേക്ക് അയക്കുന്നു.
കാമ്പയിന്റെ ഭാഗമായി, മടക്ക യാത്രയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ 40 ലേറെ പേജുകളുള്ള ഗൈഡും ജിദ്ദ എയർപോർട്ട്‌സ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ തീർഥാടകരിൽ സന്ദേശമെത്താൻ ലക്ഷ്യമിട്ട് ഗൈഡ് ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബാഗേജുകളുടെ വലിപ്പം, സംസം ബോട്ടിലുകൾ, ഡിക്ലറേഷൻ ഫോറം, എയർപോർട്ടിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി മുഴുവൻ രേഖകളും തയാറാക്കി വെക്കൽ, വിമാനങ്ങളിലും എയർപോർട്ടിലും പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ള ഉപകരണങ്ങൾ എന്നിവയെ കുറിച്ച ബോധവൽക്കരണ സന്ദേശങ്ങളിലൂടെ ഹാജിമാരുടെ അവബോധം വർധിപ്പിക്കാനാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നതെന്ന് ജിദ്ദ എയർപോർട്ട്‌സ് കമ്പനി പബ്ലിക് റിലേഷൻസ് മേധാവി ഡോ. തുർക്കി അൽദീബ് പറഞ്ഞു.
തീർഥാടകർക്കുള്ള സന്ദേശങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം പെരുന്നാൾ ദിവസം മുതൽ ഹാജിമാരുടെ മൊബൈൽ ഫോണുകളിലേക്ക് വ്യത്യസ്ത ഭാഷകളിൽ 20 ലക്ഷം എസ്.എം.എസ്സുകൾ അയക്കും. കൂടുതൽ പേരിൽ എത്തിക്കാൻ ഗൈഡുകൾ, ഇൻഫോഗ്രാഫിക്‌സ്, വീഡിയോകൾ, മോഷൻ ഗ്രാഫിക്‌സ് എന്നിവയുൾപ്പെടെ ബോധവൽക്കരണ സന്ദേശങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. ദുൽഹജ് 11 ന് ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയാകുന്നതു വരെ തുടരുമെന്നും ഡോ. തുർക്കി അൽദീബ് പറഞ്ഞു.