ഷാര്‍ജ- പബ്ലിക് പ്രൊസിക്യൂഷനു വേണ്ടി ജോലി ചെയ്യുകയായിരുന്ന ചൈനീസ് പൗരന്‍ ശമ്പള വര്‍ധിപ്പിച്ചു കിട്ടാന്‍ കള്ളക്കഥ മെനഞ്ഞുണ്ടാക്കിയതിന് കുരുക്കിലായി. ഒരു സ്ത്രീയില്‍ നിന്നും താന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതുവഴി തന്റെ സാഹചര്യം മനസ്സിലാക്കി മാനേജര്‍ ശമ്പളം വര്‍ധിപ്പിച്ചു നല്‍കുമെന്നും പ്രതീക്ഷിച്ചാണ് കൈക്കൂലി കഥ മെനഞ്ഞതെന്ന് ഇയാള്‍ സമ്മതിച്ചു. മാനേജര്‍ നല്‍കിയ പരാതിയില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ചൈനീസ് പൗരനെതിരെ കുറ്റം ചുമത്തിയത്. കൈക്കൂലി കഥ വ്യാജമാണെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു.
അങ്ങനെ ഒരു സ്ത്രീ ഇല്ലെന്നും താന്‍ പണം സ്വീകരിച്ചിട്ടില്ലെന്നും പറഞ്ഞ് ഇയാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടെന്നു മാനേജര്‍ അറിയാന്‍ ഇടവന്നാല്‍ തന്റെ സാഹചര്യം മനസ്സിലാക്കി ശമ്പളം വര്‍ധിപ്പിച്ചു നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ശമ്പളം തികയാത്തത് കൊണ്ട് ഒരു സ്ത്രീയില്‍ നിന്നും താന്‍ കൈക്കൂലി വാങ്ങാന്‍ നിര്‍ബന്ധിതനായെന്നാണ് ഇയാള്‍ ആദ്യം മാനേജരോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതു വ്യാജ കഥയാണെന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഇയാള്‍ തന്നെ മാനേജരോട് പറയുകയായിരുന്നു.