അപ്രതീക്ഷിതമായുണ്ടായ ഒരു ഷോക്കിന്റെ പിടിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സി.പി.എം നേതാക്കൾ, ഒന്നല്ല രണ്ട് ഷോക്കുകൾ. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററും ഒരു കാലത്ത് സി.പി.എം നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളുമായ ജി. ശക്തിധരൻ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു ആദ്യത്തേത്. മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമാവുന്ന തരത്തിലുള്ള സൂചനകളെല്ലാം നൽകി പാർട്ടിയിലെ ഉന്നതൻ നടത്തിയ ദുരൂഹമായ പണം ഇടപാടുകളായിരുന്നു അവ. ദേശാഭിമാനിയുടെ കൊച്ചിയിലെ ഓഫീസിൽവെച്ച്, ഈ ഉന്നതന് ആരിൽനിന്നൊക്കെയോ ലഭിച്ച രണ്ടു കോടി മുപ്പത്തയ്യായിരം രൂപ താൻ കൂടി ചേർന്ന് എണ്ണി തിട്ടപ്പെടുത്തി, ഒരു കൈതോല പായയിൽ ചുരുട്ടുക്കെട്ടി തിരുവനന്തപുരത്തേക്ക് ഇന്നോവ വാഹനത്തിൽ കൊണ്ടുപോയെന്നതാണ് പ്രധാന വെളിപ്പെടുത്തൽ. ഇന്നത്തെ ഒരു മന്ത്രി കൂടി ആ വാഹനത്തിലുണ്ടായിരുന്നുവെന്നും ഒരു സി.പി.എം ഉന്നത നേതാവിന്റെ മകനാണ് കൈതോല പായ വാങ്ങിക്കൊണ്ടുവന്നതെന്നുമെല്ലാം പോസ്റ്റിൽ പറയുന്നു. പിന്നീടൊരിക്കൽ ഇതേ നേതാവിന് കോവളത്തെ ഹോട്ടലിൽ ഒരു പ്രമുഖ വ്യവസായി രണ്ട് വലിയ പൊതികൾ നൽകിയെന്നും അവ എ.കെ.ജി സെന്ററിൽ കൊണ്ടുവന്ന നേതാവ് അതിൽ ഒരു പൊതി പാർട്ടി ഓഫീസിൽ ഏൽപിക്കുകയും മറ്റേ പൊതി തൊട്ടടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്കു കൊണ്ടുപോവുകയും ചെയ്തുവെന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി അതേ പോസ്റ്റിൽ ശക്തിധരൻ നടത്തുന്നുണ്ട്. എ.കെ.ജി സെന്ററിൽ കിട്ടിയ പൊതി തുറന്നുനോക്കിയപ്പോൾ അതിൽ പത്ത് ലക്ഷം രൂപയുണ്ടായിരുന്നുവത്രേ.
ഇതേ സമയം തന്നെ ഇതിനേക്കാൾ ഗുരുതരമായ മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. പിണറായി വിജയന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് ലീഡ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ സന്ധ്യ രവിശങ്കറാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വിവാദ വ്യവസായി ഫാരിസ് അബൂബക്കർ തമിഴ്‌നാട്ടിലും കേരളത്തിലുമായി 1500 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയെന്നായിരുന്നു അത്. നെൽവയൽ നീർത്തടം വിഭാഗത്തിൽ വരുന്ന ഈ ഭൂമിയെല്ലാം പിന്നീട് നികത്തി. ഇതിന് പിണറായി വിജയന്റെ സഹായം ലഭിച്ചു. ഫാരിസ് അബൂബക്കറും പ്രമുഖ റിയാൽറ്ററായ ശോഭ ഡെവലപ്പേഴ്‌സും തമ്മിൽ നിരവധി ദുരൂഹ ഭൂമി ഇടപാടുകൾ നടന്നുവെന്നും കടലാസ് കമ്പനികളുടെ പേരിലാണ് വസ്തുക്കളെല്ലാം ശോഭ ഡെവലപേഴ്‌സ് വാങ്ങിയതെന്നും ഈ ഇടപാടുകളിലൂടെ ലഭിച്ച 552 കോടി രൂപ യു.എ.ഇയിലേക്കും അമേരിക്കയിലേക്കും കടത്തിയെന്നുമാണ് ലീഡിന്റെ റിപ്പോർട്ടിൽ പറയുന്നത്. തെളിവായി ഏതാനും രേഖകളും അവർ പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ സന്ധ്യ രവിശങ്കർ, അടുത്ത ലക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും പറഞ്ഞു.
രണ്ട് വെളിപ്പെടുത്തലുകളും സി.പി.എമ്മിനെ ശരിക്കും ഞെട്ടിച്ചുവെന്നതിന് പാർട്ടി നേതാക്കൾ അതിനു ശേഷം ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം തന്നെ തെളിവ്. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ വിജിലൻസ്/ ക്രൈം ബ്രാഞ്ച് നടപടികൾ അതിവേഗം പുരോഗമിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ളവർ ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കുകയും ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിഷേധിച്ചിട്ടും പോക്‌സോ കേസ് ബന്ധം വരെ ഗോവിന്ദൻ ഉന്നയിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന് മിണ്ടാട്ടമില്ല. എം.വി. ഗോവിന്ദൻ മാത്രമല്ല, പാർട്ടിയുടെ ഉത്തരവാദപ്പെട്ട സംസ്ഥാന ജില്ല നേതാക്കളും ഈ വിഷയങ്ങളിൽ ഒന്നും പറയുന്നില്ല, ഇടതു അനുകൂലികൾ എന്ന് പറഞ്ഞ് ചിലർ ചാനലുകളിൽ വന്നിരുന്ന് ദുർബല വാദമുഖങ്ങൾ ഉന്നയിക്കുന്നു എന്നതൊഴിച്ചാൽ. പിന്നെ സാമൂഹിക മാധ്യമങ്ങളിൽ സി.പി.എം അനുഭാവികൾ ജി. ശക്തിധരനെയും സന്ധ്യ രവിശങ്കറിനെയും പുലഭ്യം പറയുന്നുമുണ്ട്.
സി.പി.എം നേതാക്കളുടെ ഈ മൗനം ആരോപണങ്ങളിൽ കുറേയെങ്കിലും സത്യമുണ്ടാകാമെന്ന സംശയം സാധാരണ ജനങ്ങളിൽ ജനിപ്പിക്കുന്നതാണ്. അല്ലെങ്കിൽ കെ. സുധാകനെതിരെയും വി.ഡി. സതീശനെതിരെയും ആരോപണങ്ങൾ ഉയരുകയും കേസുകളെടുക്കുകയും ചെയ്തപ്പോൾ കാണിച്ച ആവേശം ഇപ്പോൾ ഇല്ലാതെ പോയതെന്ത്? ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം.പി സംസ്ഥാന ഡി.ജി.പിക്ക് നൽകിയ പരാതി സർക്കാരിനും സി.പി.എമ്മിനും ഏറ്റവും വിശ്വസ്തനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് കൈമാറിയിരിക്കുകയാണ്. അത് സംഭവം തേച്ചുമാച്ച് കളയുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മേൽപറഞ്ഞ രണ്ടുപേരുടെയും വെളിപ്പെടുത്തലുകളും ആരോപണങ്ങളും വളരെ ഗുരുതര സ്വഭാവമുള്ളതാണെങ്കിലും തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയാത്തതുമാണ്. ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ പേരെടുത്തു പറയുന്നില്ല. സൂചനകൾ മാത്രമാണുള്ളത്. ആരൊക്കെയാണ് പണം കൊടുത്തത്. എന്നാണത്? പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നുവെന്ന് പറയുന്ന ഇന്ന് മന്തിയായിട്ടുള്ള നേതാവ് ആര് തുടങ്ങിയ നിർണായക വിവരങ്ങൾ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പിണറായി വിജയനെ സംശയ നിഴലിൽ നിർത്താനുള്ള കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് തോന്നിപ്പോവും. അതുകൊണ്ടാണ് കൈതോല പായയിൽ ആരെങ്കിലും പണം കൊണ്ടുപോകുമോ, പണം കൊടുത്ത കാലം 2005 ലായിരിക്കുമെന്നും അന്ന് ഇന്നോവ കാർ ഇറങ്ങിയിട്ടില്ലെന്നുമൊക്കെയുള്ള തർക്കങ്ങൾ ഉന്നയിച്ച് സി.പി.എം അണികൾ പ്രതിരോധം തീർക്കുന്നത്. എന്നാൽ ദീർഘകാലം സി.പി.എം എന്ന ഇരുമ്പുമറക്കുള്ളിലെ രഹസ്യങ്ങൾ അറിഞ്ഞിരുന്നയാളെന്ന നിലയിലും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും ഇപ്പോഴും ഉറച്ച കമ്യൂണിസ്റ്റെന്ന ബോധ്യത്തോടെ ജീവിക്കുകയും ചെയ്യുന്ന ജി. ശക്തിധരൻ അങ്ങനെ പച്ചക്കള്ളം തട്ടിവിടില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം ബോധ്യമുണ്ടാവും. അദ്ദേഹം പുറത്തുവിട്ട വസ്തുതകളുടെ നിജസ്ഥിതി അറിയണമെങ്കിൽ സത്യസന്ധമായ ഒരന്വേഷണം നടക്കണം. ജി. ശക്തിധരനിൽനിന്ന് വിശദാംശങ്ങൾ തേടണം. അതിൻപ്രകാരം ആരോപണ വിധേയരെ ചോദ്യം ചെയ്യണം. എന്നാൽ പോലും ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്തനാവുമോ എന്ന കാര്യം സംശയം. അഥവാ തെളിവുകളുണ്ടെങ്കിൽ പോലും അത് സി.പി.എമ്മിന് ആരെങ്കിലും സംഭാവന നൽകിയതും പാർട്ടി അതിനെല്ലാം കണക്ക് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കാര്യമായ നിയമ നടപടികൾക്കൊന്നും സാധ്യതയില്ല.
എന്നാൽ ലീഡ് ന്യൂസിന്റെ റിപ്പോർട്ടിലെ വസ്തുതകൾ ഗുരുതരമാണ്. അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം, വിദേശനാണയ വിനിമയ ചട്ട ലംഘനം തുടങ്ങി വൻ കുറ്റങ്ങളാണ് അതിൽ അടങ്ങിയിട്ടുള്ളത്. അതിന്റെ സത്യാവസ്ഥ പുറത്തു വരണമെങ്കിൽ കേരള പോലീസ് അന്വേഷിച്ചാൽ പോരാ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. തന്റെ പക്കൽ എല്ലാത്തിനും തെളിവുകളുണ്ടെന്നാണ് സന്ധ്യ രവിശങ്കർ പറയുന്നത്. മാത്രമല്ല, റിപ്പോർട്ട് പുറത്തു വന്നശേഷം ചില ഏജൻസികൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികൾ നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സൂചന.
ഇനി അറിയേണ്ടത് സത്യസന്ധമായ അന്വേഷണം ഈ വിഷയങ്ങളിൽ ഉണ്ടാകുമോ എന്നാണ്. മുമ്പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വലിയ കോലാഹലത്തോടെ ആരംഭിച്ച അന്വേഷണം ഇപ്പോൾ നിലച്ച മട്ടാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന് അപ്പുറത്തേക്ക് ആ അന്വേഷണം നീങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടോ എന്ന് സംശയം. ഇപ്പോഴത്തെ വെളിപ്പെടുത്തിലും കാര്യങ്ങൾ അതുപോലെയാകുമോ എന്നറിയില്ല. ഏതായാലും ആരോപണങ്ങളെ സധൈര്യം നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. അദ്ദേഹം സ്വയം ഇരുട്ടിൽ നിൽക്കുകയാണ്. ആരോപണങ്ങളിൽ തരിമ്പും സത്യമില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കിൽ സത്യസന്ധമായ അന്വേഷണം നേരിട്ട് നിരപരാധിയെന്ന് തെളിയിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.