കൊച്ചി-മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്‌കറിയ കീഴടങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു.
വ്യാജവാർത്ത നൽകി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരം ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
ജൂൺ 29ന് ഷാജൻ സ്‌കറിയയോട് ഇ.ഡിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ഷാജൻ സ്‌കറിയക്ക് ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ഒളിവിൽ പോയ ഷാജൻ സ്‌കറിയ ഹാജരായില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) ഹാജരാകാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഷാജന് വീണ്ടും നോട്ടീസ് അയയ്ക്കുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.