ന്യൂദല്‍ഹി - കേരളത്തില്‍ കലാപത്തിന് സമാനമായ രീതിയില്‍ തെരുവു നായ്ക്കളെ കൊന്നൊടുക്കുകയാണെന്നും ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീചെര്‍സ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏതാണ്ട് എല്ലാ തെരുവു നായക്കളെയും കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും കേരളത്തില്‍ അവശേഷിക്കുന്നത് 6000 തെരുവ് നായ്ക്കള്‍ മാത്രമാണെന്നും സംഘടന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരുവ് നായക്കളെ പ്രാകൃതമായ രീതിയിലാണ് കൊന്നൊടുക്കുന്നത്. തെരുവ് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ല. സപ്രീം കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ തെരുവ് നായക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേരള ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് കുട്ടികളടക്കം മരിക്കുകയാണെന്നും അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി ജൂലൈ 12 നാണ് പരിഗണിക്കുന്നത്. അന്ന് തന്നെ മൃഗസ്‌നേഹികളുടെ ഹര്‍ജിയും പരിഗണിക്കും.