കൊച്ചി- കെ സുധാകരനെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് തീരുമാനം. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസ് നല്‍കിയ പരാതിയിലാണ് നടപടി. മൊഴിയെടുക്കുവാന്‍ പരാതിക്കാരനോട് വെള്ളിയാഴ്ച രാവിലെ 11 ന് കളമശ്ശേരി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു. ഡി.ജി.പി അനില്‍കാന്തിന് നല്‍കിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നും
താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടിലെന്ന് അതിജീവിത രഹസ്യ മൊഴി നല്‍കിയിരുന്നെന്നും ഗോവന്ദന്‍ ആരോപിച്ചിരുന്നു. ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. സുധാകരനെതിരെ പറഞ്ഞത് ദേശാഭിമാനി പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്ന് എം വി ഗോവിന്ദന്‍ പിന്നീട് വിശദീകരിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ കെ സുധാകരന്‍ കേസ് കൊടുത്താല്‍ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സി പി എം സംസ്ഥാന സെക്രട്ടറി.