ഹിജാബിനു പിറകെ ഹോമവും വെഞ്ചരിപ്പും കൂടി ആയാലോ; മതം കുത്തിക്കയറ്റാതെ പഠിക്കാന്‍ നോക്ക്-ഡോ. ഷിംന അസീസ്

തിരുവനന്തപുരം- മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഹിജാബും കൈ അറ്റം വരെ മറയ്ക്കുന്ന ലോങ് സ്ലീവ് ജാക്കറ്റുകളും അനുവദിക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ ആവശ്യം അസംബന്ധമാണെന്ന് ഡോ.ഷിംന അസീസ്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം

ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണ്. പഠിക്കുന്ന കാലത്ത് കൈയില്‍ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോതിരം ഇട്ടതിന്റെ പേരിലുമൊക്കെ കൂടെയുള്ളവര്‍ക്ക് സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്ന് വഴക്ക് കേള്‍ക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. കൈമുട്ടിന് താഴേക്ക് അത്ര ചെറിയ വസ്തുക്കള്‍ പോലും അനുവദനീയമല്ലെന്നിരിക്കെയാണ് ഫുള്‍സ്ലീവ് !
ഓരോ തവണ സര്‍ജറിക്ക് കേറുമ്പോഴും സര്‍ജനും അസിസ്റ്റ് ചെയ്യുന്നവരും മിനിറ്റുകളെടുക്കുന്ന വിശദമായ കൈ കഴുകല്‍ നടത്തുന്നുണ്ട്. കൈമുട്ടിന് താഴെ വിരലറ്റം വരെ വരുന്ന ഈ കഴുകലിന് 'സ്‌ക്രബ് ചെയ്യുക' എന്നാണ് പറയുക. അറിയാതെ പോലും രോഗിയിലേക്ക് രോഗാണുക്കള്‍ എത്തരുതെന്ന ലക്ഷ്യമാണ് ഇതിനുള്ളത്.
അതിന് ശേഷം കൈ എവിടെയും തട്ടാതെ വളരെ വളരെ സൂക്ഷിച്ചാണ് ഓപ്പറേഷന്‍ തിയറ്ററിനകത്ത് പോയി ഗ്ലവും മറ്റും ധരിക്കുന്നത്. ഓരോ സര്‍ജറിക്ക് ശേഷവും കഴുകി വൃത്തിയാക്കി വെക്കുന്ന വസ്ത്രങ്ങള്‍ ഡോക്ടര്‍ക്ക് മാത്രമേ ലഭിക്കൂ. ലോങ്ങ് സ്ലീവ് ജാക്കറ്റ് വഴി കയറിക്കൂടിയേക്കാവുന്ന അണുക്കള്‍ രോഗിയുടെ മുറിവില്‍ വീണാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. എന്തടിസ്ഥാനത്തിലാണ് രോഗിയുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ആവശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്
അല്ല, എന്തിനാ വസ്ത്രം മാത്രമാക്കുന്നത്, ഹോമവും വെഞ്ചരിപ്പും കൂടെ ആയാലോ.. ഓപ്പറേഷന്‍ തിയറ്റര്‍ എന്ന അത്യധികം ഗൗരവമാര്‍ന്ന ഒരിടത്ത് മതം കുത്തിക്കയറ്റി കുളമാക്കുന്ന നേരത്ത് പഠിക്കാനുള്ളത് പഠിച്ച് ഒരിടത്തെത്താന്‍ നോക്കണമെന്ന് മാത്രമേ ആ പെണ്‍കുട്ടികളോട് പറയാനുള്ളൂ.
Primum non nocere.
അതാണ് നമ്മില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന കര്‍ത്തവ്യം.

 

Latest News