മണിപ്പൂര്‍ ആക്രമണം; തൊടുപുഴയില്‍ കത്തോലിക്കാ റാലി

മണിപ്പൂര്‍ ആക്രമണങ്ങള്‍ക്കെതിരെ തൊടുപുഴയില്‍ നടന്ന കത്തോലിക്കാ റാലി

തൊടുപുഴ- മണിപ്പുരിലെ കലാപബാധിത ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ ജപമാലറാലി നടത്തി. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നിന്നാരംഭിച്ച  റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ റാലി ഉദ്ഘാടനം ചെയ്തു. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സണ്ണി കടൂത്താഴെ ആമുഖ സന്ദേശം നല്‍കി. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മോണ്‍.ഫ്രാന്‍സിസ് കീരംപാറ, മോണ്‍.പയസ് മലേക്കണ്ടത്തില്‍, ടൗണ്‍ചര്‍ച്ച് വികാരി റവ.ഡോ.സ്റ്റാന്‍ലി കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കി. കെസിവൈഎം പ്രതിനിധി ജിബിന ജെയിംസ് ഭാരതത്തില്‍ ഐക്യം പുലരാനുള്ള പ്രത്യേക പ്രാര്‍ഥനയും ചൊല്ലിക്കൊടുത്തു. രൂപത പിആര്‍ഒ ജോര്‍ജ് ജോസഫ് കേളകം പ്രമേയം അവതരിപ്പിച്ചു.  കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനുള്ള ഭീമഹരജിയുടെ ഉദ്ഘാടനം ബിഷപ് നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് പുതിയേടം ഒപ്പുശേഖരണത്തിനു നേതൃത്വം നല്‍കി.


 

 

Latest News