തിരുവനന്തപുരം- പാളയം ഇമാമിന്റെ പെരുന്നാള്‍ ഖുതുബയില്‍ കേരളത്തില്‍ വിവാദം സൃഷ്ടിച്ച യുട്യൂബര്‍ തൊപ്പിയെ കുറിച്ചും പരാമര്‍ശം. തൊപ്പി എന്ന വ് ളോഗര്‍ മുഹമ്മദ് നിഹാദിനെ പേരെടുത്ത് പറയാതെയാണ് പാളയം ഇമാം വി.പി സുഹൈബ് മൗലവി വിമര്‍ശിച്ചത്.
തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏകസിവില്‍ കോഡ് നീക്കത്തേയും കേരള സ്‌റ്റോറി സിനിമയേയും അദ്ദേഹം വിമര്‍ശിച്ചു.
യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും നിറഞ്ഞു നിന്ന് ആളുകളെ തെറി വിളിക്കുകയും സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുകയും ഭക്ഷണത്തെ അപമാനിക്കുകയും ചെയ്യുന്ന ഒരു യൂട്യൂബറെ വരവേല്‍ക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വരെ അയാളെ ക്ഷണിക്കുന്ന നിലയുണ്ടായി. മധ്യവയസ്‌കരോ ചെറുപ്പക്കാരോ അല്ല അതിലും പ്രായം കുറഞ്ഞ കൗമാരക്കാരാണ് ആ യൂട്യൂബറെ ആരാധിക്കുന്നത്. ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വരെ അയാളെ വിളിക്കുന്ന അവസ്ഥയുണ്ടായി. കൗമാരക്കാരായ കുട്ടികളാണ് അയാളുടെ ഫോളോവേഴ്‌സ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേരാണ് അയാളെ ഫോളോ ചെയ്യുന്നത്. ഇതെങ്ങനെ സംഭവിച്ചു.. അതിനൊരു കാരണം പുതിയ തലമുറയില്‍നിന്ന് നാം ഒരുപാട് അകന്നു പോയി എന്നതാണ്. അവരോട് എങ്ങനെ സംസാരിക്കണം എന്ന് നമുക്ക് അറിയില്ല. അകലെ നിന്ന് ഉത്തരവിടുന്ന കാരണവന്‍മാരെയല്ല കുട്ടികള്‍ക്ക് വേണ്ടത്. അടുത്ത് നിന്ന് സംസാരിക്കുന്നവരെയാണ് അവര്‍ക്ക് ഇഷ്ടം.
ഏകസിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. സിവില്‍ കോഡ് സംബന്ധിച്ച നടക്കുന്ന ചര്‍ച്ചകള്‍ ഭരണഘടനയ്ക്ക് എതിരാണ്. എകസിവില്‍ കോഡിനെ വിശ്വാസസമൂഹം ഒന്നിച്ച് എതിര്‍ക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കും എന്നാണ് മണിപ്പൂര്‍ നമുക്ക് കാണിച്ചു തരുന്നത്. കേരള സ്‌റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന സിനിമയാണ്. സമൂഹത്തിലെ ഐക്യവും സാഹോദര്യവും തകര്‍ക്കാനേ ഇത്തരം സിനിമകള്‍ ഉപകരിക്കൂ- ഇമാം പറഞ്ഞു.