ന്യൂയോർക്ക്- ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായി ജെറാർഡോ മാർട്ടീനോയെ നിയമിച്ചു. ലോക ഫുട്‌ബോളിലെ സൂപ്പർ താരം ലിയണൽ മെസി ഇന്റർമിയാമിയിൽ ചേരുന്നതിന്റെ പശ്ചാതലത്തിലാണ് നിയമനം. 2013 നും 2016 നും ഇടയിൽ ബാഴ്‌സലോണയിലും അർജന്റീനയിലും മെസ്സിയെ ജെറാർഡോ മാർട്ടീനോ പരിശീലിപ്പിച്ചിട്ടുണ്ട്. അർജന്റീന, മെക്‌സിക്കോ ദേശീയ ടീമുകളെയും ബാഴ്‌സലോണയെയും 60-കാരനായ ജെറാർഡോ മാർട്ടിനോ പരിശീലിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പരിശീലകനാണ് ജെറാർഡോയെന്ന് ഇന്റർമിയാമി ഉടമ ജോർജ് മാസ് കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. അത് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവുമുണ്ട്. ഏറ്റവും ഉയർന്ന തലങ്ങളിൽ ക്ലബ്ബുകളെയും രാജ്യങ്ങളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ടെന്നും അത് വളരെയധികം ഗുണം ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ കായികരംഗത്ത് വളരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് മാർട്ടിനോ. അവരുടെ ട്രാക്ക് റെക്കോർഡ് സ്വയം സംസാരിക്കുന്നുവെന്ന് ഇന്റർ മിയാമി സഹ ഉടമ ഡേവിഡ് ബെക്കാം പറഞ്ഞു. ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളും അനുഭവസമ്പത്തും ഞങ്ങളുടെ ടീമിന് പ്രചോദനവും ആരാധകരെ ആവേശഭരിതരാക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കൂടാതെ കളിക്കളത്തിലും പുറത്തും അദ്ദേഹം ചെലുത്തുന്ന സ്വാധീനം കാണുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും ബെക്കാം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ മെക്‌സിക്കോയുടെ പരിശീലകനായിരുന്നു മാർട്ടിനോ. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ മെക്‌സികോ പുറത്തായിരുന്നു. 1978 ന് ശേഷം ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് മെക്‌സിക്കോ പുറത്താകുന്നത് ഇതാദ്യമായിട്ടായിരുന്നു. ഇതേ തുടർന്ന് പരിശീലക സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെച്ചു.