ലണ്ടൻ- താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം റഫറിയെന്ന പരാമർശം നടത്തിയതിന് റോമ പരിശീലകൻ ജോസ് മൗറിഞ്ഞോക്ക് പത്തു ദിവസത്തെ വിലക്ക് ഏർപ്പെടുത്താൻ ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനം. മെയ് മൂന്നിന് മോൻസക്ക് എതിരായി നടന്ന മത്സരത്തിനിടെയാണ് റഫറി ഡാനിയേൽ ചിഫിനെതിരെ മൗറിഞ്ഞോ പരാമർശം നടത്തിയത്. ഇതോടെ സീരി എ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ മൗറിഞ്ഞോക്ക് നഷ്ടമാകും.
മൊറീഞ്ഞോയ്ക്കും റോമയ്ക്കും 50,000 യൂറോ (54,000 ഡോളർ) പിഴ ചുമത്തി. മത്സരം നടക്കുന്നതിനിടെ തന്നെ റഫറിയും മൗറിഞ്ഞോയും കൊമ്പുകോർത്തിരുന്നു. എന്റെ കരിയറിൽ ഞാൻ നേരിട്ട ഏറ്റവും മോശം റഫറിയാണ് അയാളെന്ന് മൗറിഞ്ഞോ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 'അവൻ ഭയങ്കരനാണ്. അവൻ ഒരു മനുഷ്യ ബന്ധവും ഉണ്ടാക്കുന്നില്ല. അദ്ദേഹത്തിന് സഹാനുഭൂതി ഇല്ലെന്നും മൗറിഞ്ഞോ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ സീരി എയിൽ ആറാം സ്ഥാനത്തെത്തിയ റോമ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് റണ്ണറപ്പായിരുന്നു.