റിയാദ്- സൗദി അറേബ്യയില്‍ സ്വദേശികളിലും വിദേശികളിലും തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ സ്വദേശികള്‍ക്കിടിയിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി ഉയര്‍ന്നതായി
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ എട്ട് ശതമാനമായിരുന്നു സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇതാണ് 8.5 ശതമാനമായി ഉയര്‍ന്നത്.
അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് (സൗദികളും സൗദികളല്ലാത്തവരും) നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ 5.1 ശതമാനത്തിലെത്തി. 2022 നാലാം പാദത്തില്‍ ഇത് 4.8 ശതമാനമായിരുന്നു. തൊഴില്‍ മേഖലയിലെ സൗദി സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് മൂന്ന് മാസ കാലയളവില്‍ 36% ആയി വര്‍ധിച്ചു.
അതേസമയം ജനസംഖ്യയുമായുള്ള താരതമ്യത്തില്‍ സൗദികളുടെ തൊഴില്‍ നിരക്ക് 48 ശതമാനം ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ 52.6 ശതമാനവും സ്വകാര്യ മേഖലയില്‍ 47 ശതമാനവുമാണ് സൗദി ജീവനക്കാര്‍. സ്വകാര്യമേഖലയില്‍ സൗദികളല്ലാത്തവര്‍ 68.1 ശതമാനം വരും.