മക്ക - ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിച്ച 18 പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. തടവും പിഴയുമാണ് ഇവർക്ക് വിധിച്ചത്. വിദേശികളായ നിയമ ലംഘകരെ നാടുകടത്തി പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും വിധിയുണ്ട്. ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികൾ വഴി നിയമ നടപടികൾ സ്വീകരിക്കാനും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു. ഹജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവരുടെ കേസുകൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.