Sorry, you need to enable JavaScript to visit this website.

മക്ക കൺട്രോൾ സെന്ററും ആശുപത്രിയും ആഭ്യന്തര മന്ത്രി സന്ദർശിച്ചു

മക്കയിൽ പ്രവർത്തിക്കുന്ന ഏകീകൃത സുരക്ഷാ കൺട്രോൾ സെന്റർ (911) ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിക്കുന്നു.

മക്ക - മക്കയിൽ പ്രവർത്തിക്കുന്ന ഏകീകൃത സുരക്ഷ കൺട്രോൾ സെന്റർ (911) ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിച്ചു. വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറ സിസ്റ്റത്തിലും നൂതന ഡാറ്റ അനലിറ്റിക്‌സിലും ഉപയോഗിക്കുന്ന ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളും ഹാജിമാരെ നിരീക്ഷിക്കുന്നതിൽ ഇതിനുള്ള പങ്കും മന്ത്രി വീക്ഷിച്ചു. ഇരുപത്തിനാലു മണിക്കൂറും നൂതന ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെ വ്യത്യസ്ത ഭാഷകളിൽ പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്ന സംവിധാനവും മന്ത്രി വീക്ഷിച്ചു. ഏറ്റവും പുതിയ അന്താരാഷ്ട്ര സമ്പ്രദായങ്ങൾ അനുസരിച്ച്, ഒറ്റ സംവിധാനമെന്നോണം സെന്ററിൽ പ്രവർത്തിക്കുന്ന സുരക്ഷാ, സർക്കാർ ഏജൻസികളുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനവും ആഭ്യന്തര മന്ത്രി വിലയിരുത്തി. 
മക്കയിലെ സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയും അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പിന്നീട് സന്ദർശിച്ചു. ഹജ് സീസണിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മെഡിക്കൽ സേവന വിഭാഗം നൽകുന്ന ആരോഗ്യ സേവനങ്ങളും സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയുടെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏതാനും രോഗികളെ മന്ത്രി സന്ദർശിക്കുകയും അവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. 
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, ആഭ്യന്തര സഹമന്ത്രി ജനറൽ സഈദ് അൽഖഹ്ത്താനി, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, സുരക്ഷാ കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന, പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറൽ മുഹമ്മദ് അൽബസ്സാമി എന്നിവരും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനെ അനുഗമിച്ചു.

 

Latest News