തിരുവനന്തപുരം - ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായാണ് അന്യ സംസ്ഥാന തൊഴിലാളിയായ ബിര്‍ഷു റാബ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ലോട്ടറിയടിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ താനും ലോട്ടറിയും സുരക്ഷിതമാകണമെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയാണ് വഴിയെന്ന് ബിര്‍ഷു റാബയ്ക്ക് അറിയാമായിരുന്നു. ബിര്‍ഷുവിന്റെ പ്രതീക്ഷ തെറ്റിയില്ല, ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും തമ്പാനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ചെയ്ത് നല്‍കി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി. സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.
ബുധനാഴ്ചയാണ് കേരള സര്‍ക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ ഭാഗ്യം ബിര്‍ഷുവിനെ തേടിയെത്തിയത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകീട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിര്‍ഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. തമ്പാനൂര്‍ എസ് എച്ച് ഒ പ്രകാശ് ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കുന്നത് വരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. എല്ലാ നടപടികളും പൂര്‍ത്തിയായി പോലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് ബിര്‍ഷു സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്.