ന്യൂദല്‍ഹി- ആരും മോശം വിചാരിക്കേണ്ട, വിദേശ കാര്യമന്ത്രി ഈയിടെയായി പരുക്കന്‍ ഭാഷ മാത്രമേ കേള്‍ക്കാറുള്ളൂ. ആളുകള്‍ സ്വീകരിക്കുന്ന സമീപനത്തില്‍ നിരാശ പ്രകടപ്പിച്ചുകൊണ്ടുള്ള ഈ ട്വീറ്റ് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റേതു തന്നെയാണ്.
ഹിന്ദുത്വ തീവ്രവാദികളുടെ പരിഹാസത്തിനും അസഭ്യത്തിനും ശേഷം യാത്രാരേഖകളില്ലാതെ ഇന്തോനേഷ്യയില്‍ കുടുങ്ങിയ ഒരു ഇന്ത്യന്‍ വനിതക്കുവണ്ടി മറ്റുള്ളവര്‍ രോഷം പ്രകടപ്പിച്ച പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ്. നടപടികള്‍ സ്വീകരിച്ച് മറുപടി നല്‍കുമ്പോഴേക്കും ക്ഷമകെട്ട ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരുക്കന്‍ ഭാഷയിലുള്ള ഈ ട്വീറ്റ് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈയടുത്ത കാലത്ത് ഇതു തന്നെയാണ് കേട്ടുകൊണ്ടിരിക്കുന്നതെന്ന മന്ത്രിയുടെ മറുപടി.
പാസ്‌പോര്‍ട്ടും യാത്രാരേഖകളും നഷ്ടപ്പെട്ടതിനാലാണ് ഇന്ത്യക്കാരിക്ക് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് ഇമിേഗ്രഷന്‍ ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചതെന്നും കോണ്‍സുലേറ്റുമായും എംബസിയുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. വൈസ് കോണ്‍സുല്‍ രാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പതിവ് പോലെ പരാതികളില്‍ വളരെ വേഗം നടപടി സ്വീകരിക്കുന്ന സുഷമാ സ്വരാജിനെ പുകഴ്ത്തി ധാരാളം ട്വീറ്റുകള്‍ മന്ത്രിയുടെ ട്വീറ്റിനു മറുപടിയായി ലഭിച്ചു. അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതാണ് ഇവയിലേറെയും.