കോഴിക്കോട്- മുസ്ലിം ലീഗുമായി സഹകരിച്ചുമുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും ഇരുവിഭാഗം സമസ്തയും ഒന്നാകണമെന്നത് ജീവിതാഭിലാഷമാണെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗ് നേതാക്കൾ വന്ന കാര്യവും അഭിമുഖത്തിൽ കാന്തപുരം അനുസ്മരിക്കുന്നുണ്ട്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും കാന്തപുരം പറഞ്ഞു. മുസ്ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടുപോയാൽ മാത്രമേ രാജ്യത്ത് പുരോഗതിയുണ്ടാകൂ. അങ്ങിനെ പാടില്ലെന്ന് ചിന്തിക്കുന്നവരും നമ്മുടെ രാജ്യത്തുണ്ട്. മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ല. ഓരോ ആളുകൾക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട. അതിവിടെ നിലനിൽക്കണം. സംഘട്ടനം ഒഴിവാക്കാൻ എല്ലാ മതവിഭാഗങ്ങളും ഒന്നിക്കണമെന്നും കാന്തപുരം പറഞ്ഞു.