തലശ്ശേരി - മണിപ്പുരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത്. മണിപ്പുരിലെ കലാപം വംശഹത്യയായി പരിണമിക്കുകയാണ്. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടുവെന്നും പാംപ്ലാനി കുറ്റപ്പെടുത്തി. റബ്ബര്‍ വില കിലോഗ്രാമിന് 300 രൂപയാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്നും കേരളത്തില്‍ നിന്ന് ബി ജെ പിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും മാര്‍ ജോസഫ് പാംപ്ലാനി വാഗ്ദാനം ചെയ്തത് അടുത്തിടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ബിഷപ്പിനെ പിന്തുണച്ച് ബി ജെ പി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. വളരെ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതു തികച്ചും ആശങ്കാജനകമാണെന്ന് സീറോ മലബാര്‍ സഭാ സിനഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോത്രസംഘര്‍ഷമായി ആരംഭിച്ച മണിപ്പൂര്‍ കലാപം വര്‍ഗീയമായി ആളിക്കത്താന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അത് നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും സിനഡ് കുറ്റപ്പെടുത്തിയിരുന്നു.