വര്‍ക്കല -വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയെ തുടര്‍ന്ന് വര്‍ക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61)വാണ് ഇന്നലെ വീട്ടില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി കേസിലെ പ്രതിയായ ജിഷ്ണു അടുപ്പത്തിലായിരുന്നു. ശ്രീലക്ഷ്മിയെ വിവാഹം ചെയ്ത് തരണമെന്ന ജിഷ്ണുവിന്റെ അഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചതിലെ പകയാണ് രാജുവിന്റെ കൊലപതാകത്തിലേക്ക് നയിച്ചത്. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വടശ്ശേരിക്കോണം സ്വദേശികളായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ഇവരുടെ സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയാണ് പിടൂകൂടിയിട്ടുളളത്. കൊലപാതക സമയം നാല് പ്രതികളും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ ഉവരുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ അടക്കം കൂടുതല്‍ ആളുകളുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
വിവാഹത്തലേന്നത്തെ പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രതികള്‍ രാജുവിന്റെ വീട്ടിലെത്തിയത്. ശ്രീലക്ഷമിയെ കണ്ട് സംസാരിക്കണമെന്ന് ആവശ്യം നിരാകരിച്ചതോടെ യുവാക്കള്‍ രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും പ്രതികള്‍ ആക്രമിച്ചിരുന്നു.