കാസര്‍കോട് - വ്യാജ രേഖ ചമച്ചത് സുഹൃത്തായ ഉദ്യോഗാര്‍ത്ഥിയുടെ സീനിയോറിറ്റി മറികടക്കാനെന്ന് വ്യാജ രേഖാ കേസില്‍ പിടിയിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയുടെ മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് തന്നേക്കാള്‍ അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിയും മൂന്ന് വര്‍ഷത്തിലേറെയായി തന്റെ സുഹൃത്തുമായ കെ രസിതക്കായിരുന്നുവെന്ന് വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് മറി കടന്ന് ജോലി ലഭിക്കാനാണ് വ്യാജ രേഖ ചമച്ചത്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത. 2021 ല്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കി. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെയാണെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. വ്യാജ രേഖ ഉണ്ടാക്കിയ ഫോണ്‍ പിന്നീട് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായും വിദ്യ പറഞ്ഞു.