കണ്ണൂർ- കേരളത്തിൽ സ്തനാർബുദ നിരക്കിൽ പ്രതിവർഷം 25 ശതമാനം വർധനവുണ്ടാകുന്നതായി പഠന റിപ്പോർട്ട്. മലബാർ കാൻസർ സൊസൈറ്റി നടപ്പാക്കുന്ന സമഗ്ര സ്തനാർബുദ നിയന്ത്രണ പദ്ധതിയായ ബ്രസ്റ്റ് കാൻസർ ബ്രിഗേഡുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പദ്ധതിയുടെ പ്രാരംഭഘട്ടം വൻ വിജയമായതായി ചെയർമാൻ ഡോ. കൃഷ്ണാനന്ദ പൈ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആശങ്കാജനകമായി വർധിച്ചു വരുന്ന സ്തനാർബുദ നിരക്കും ഇതുമൂലമുണ്ടാകുന്ന മരണങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിനാണ് ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതി ആവിഷ്‌കരിച്ചത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, കൂത്തുപറമ്പ് നഗരസഭകളിൽ മുഴുവനായും കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ട് ഡിവിഷനുകളിലും പയ്യന്നൂർ നഗരസഭയിലെ മൂന്നു വാർഡുകളിലും മുക്കം നഗരസഭയിലെ ആറ് വാർഡുകളിലും കുഞ്ഞിമംഗലം പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമാണ് പദ്ധതി നടപ്പാക്കിയത്.
പ്രത്യേക പരിശീലന നൽകിയ 2000 ലധികം വരുന്ന കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന വളണ്ടിയർമാർ ഓരോ വീടുകളിലും കയറി ഇറങ്ങി 88,200 സ്ത്രീകളെ സ്തനാർബുദ രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് പരിപാടിയും സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശോധനകളും ബോധവത്ക്കരണവും നൽകി. ഗൃഹ സന്ദർശന സ്‌ക്രീനിംഗിൽ സ്തനാർബുദ സാധ്യത ലക്ഷണങ്ങൾ കണ്ടെത്തിയ 1237 പേരെയും വിദഗ്ധ പരിശോധന നടത്തി. ഇവരിൽ അഞ്ച് പേർക്കു സ്തനാർബുദം നേരത്തെ ഉള്ള അവസ്ഥയിൽ കണ്ടെത്തുകയും 35 പേർക്കു സ്തനാർബുദ സാധ്യതയും തെളിഞ്ഞു. ഇവർക്കായി തുടർ പരിശോദനക്കുള്ള സംവിധാനം ഒരുക്കി. സ്തനാർബുദം നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റൽ മാമോഗ്രാം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനാണ് ഇനി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് എൽ.എൻഡ് ടി, ഐ.എ.ആർ.സി, കണ്ണൂർ ഗൈനക് സൊസൈറ്റി എന്നിവയുടെ സഹായവും ഉണ്ട്.
സ്തനാർബുദം കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ ഇരട്ടിയോളമാണ് വർധിച്ചത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്തനാർബുദംമൂലമുള്ള മരണ നിരക്കും കൂടുതലാണ്. രോഗം നേരത്തെ തിരിച്ചറിയാത്തതും ചികിത്സക്കു വിസമ്മതിക്കുന്നതുമാണ് മരണ നിരക്ക് വർധിക്കാൻ കാരണം. മട്ടന്നൂർ നഗര സഭയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ സ്തനാർബുദം ബാധിച്ച് മരിച്ചവരുടെ എണ്ണം 218 ആണ്. കൂത്തുപറമ്പിൽ 119. ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതോടെ ഈ രോഗവുമായി ബന്ധപ്പെട്ട പരിശോധനയും ബോധവത്ക്കരണവും കൂടുതൽ ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ, മലബാർ കാൻസർ സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ. വി.സി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ബി.വി. ഭട്ട്, കൺവീനർ മേജർ ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.