മിന - ഹറംകാര്യ വകുപ്പ് ഹജ് തീർഥാടകർക്കിടയിൽ പത്തു ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്തു. അറഫയിലും മുസ്ദലിഫയിലും തീർഥാടകരുടെ കടുത്ത തിരക്ക് അനുഭവപ്പെട്ട പ്രദേശങ്ങളിൽ ട്രക്കുകൾ വഴിയും പ്രത്യേകം സജ്ജീകരിച്ച റെഫ്രിജറേറ്ററുകൾ വഴിയുമാണ് സംസം ബോട്ടിലുകൾ വിതരണം ചെയ്തത്.
ഹാജി ഗിഫ്റ്റ് ചാരിറ്റബിൾ സൊസൈറ്റി (ഹദ്‌യ) ഹജ് തീർഥാടകർക്കിടയിൽ 20 ലക്ഷത്തിലേറെ പാക്കറ്റ് ഭക്ഷണവും 30 ലക്ഷത്തിലേറെ ബോട്ടിൽ മിനറൽ വാട്ടറും വിതരണം ചെയ്യുന്നുണ്ട്. അറഫയും മുസ്ദലിഫയും മിനായും കേന്ദ്രീകരിച്ചും മശാഇർ മെട്രോ റെയിൽവെ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും മറ്റും സൊസൈറ്റി ഭക്ഷണ പേക്കറ്റുകളും മിനറൽ വാട്ടർ കുപ്പികളും വിതരണം ചെയ്യുന്നുണ്ട്. പ്രാതൽ, ഉച്ച ഭക്ഷണം, അത്താഴം, ജ്യൂസുകൾ, ചായ, കാപ്പി എന്നിവയും പുണ്യസ്ഥലങ്ങളിൽ നിർത്തിയിട്ട ശീതീകരണ സംവിധാനമുള്ള ട്രക്കുകൾ വഴി റെഡിമെയ്ഡ് ഭക്ഷണവും വിതരണം ചെയ്യുന്നു.