കൊച്ചി- മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസിൽ റിമാന്റിലായിരുന്ന കൃഷ്ണകുമാർ ജയിൽമോചിതനായി. ആഴ്ചയിൽ ഒരിക്കൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്വദേശമായ കോതമംഗലം ഇരമല്ലൂരിലെത്തിയ കൃഷ്ണകുമാർ ഇപ്പോൾ പുതിയൊരു മനുഷ്യനാണ്. അമിത മദ്യപാനത്തോട് വിടപറഞ്ഞ ഇദ്ദേഹം ക്ഷേത്രദർശനത്തിന്റെ തിരക്കിലാണ്.
ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ കൃഷ്ണകുമാറിന് പുതിയ തിരിച്ചറിവുകൾ നൽകിയെന്ന് നാട്ടുകാർ പറയുന്നു. വീട്ടിലുണ്ടെങ്കിൽ രാവിലെ സമീപത്തെ കവലയിലിറങ്ങി നാട്ടുകാരുമായി വിശേഷം പങ്കിടും. ഇടയ്ക്കിടെ യാത്രകളുമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൃഷ്ണകുമാർ തിരക്കിലായിരുന്നു. ഗൾഫിലെ ജോലി സ്ഥലത്തിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി കൃഷ്ണകുമാർ ഭീഷണി മുഴക്കിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായിരുന്നു. തുടർന്ന് ഗൾഫിലെ സിപിഎം അനുഭാവികളിൽ ചിലരുടെ നീക്കത്തെത്തുടർന്ന് ജോലി ചെയ്തിരുന്ന കമ്പനി ഇയാളെ പുറത്താക്കി.
പിടിച്ചുനിൽപ്പില്ലാതെ വന്നതോടെ നാട്ടിലേക്ക് പുറപ്പെട്ട കൃഷ്ണകുമാറിനെ ദൽഹിയിൽ വിമാനമിറങ്ങിയ ഉടൻ എയർപോർട്ട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേരള പോലീസ് എത്താൻ വൈകിയതിനെത്തുടർന്ന് അഞ്ച് ദിവസത്തോളം തീഹാർ ജയിലിൽ കഴിയേണ്ടിയും വന്നു.
കൊച്ചി സെൻട്രൽ പൊലീസാണ് കൃഷ്ണകുമാറിനെ പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞാണ് കൃഷ്ണകുമാർ നായർ ഫേസ്ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലിസ്ഥലവും പേരുമൊക്കെ പറഞ്ഞുകൊണ്ടാണ് ഭീഷണി മുഴക്കിയത്.
വീഡിയോ പുറത്തു വന്നതോടെ ചിലർ ഇയാളെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഇയാൾക്കെതിരേ കേസെടുക്കുകയായിരുന്നു.