കൽപറ്റ- മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസിനു സ്‌പെയിൻ വരെ പോകണം. വെറുതേ ചുറ്റിയടിക്കാനല്ല, വേൾഡ് മാസ്റ്റേഴ്‌സ് മീറ്റിൽ ദീർഘദൂര ഓട്ടത്തിൽ ഇന്ത്യൻ ജഴ്‌സിയണിയാൻ. സ്‌പെയിനിൽ മാരത്തണിൽ മാറ്റുരച്ചു മടങ്ങാൻ കുറഞ്ഞത് രണ്ടു ലക്ഷം രൂപ വേണം. ഇന്ത്യൻ താരമെന്ന പത്രാസ് ഉണ്ടെങ്കിലും വിമാനക്കൂലിക്കും ചെലവിനും മറ്റുമായി കേന്ദ്ര-സംസ്ഥാന കായിക മന്ത്രാലയങ്ങൾ കാൽ കാശ് നൽകില്ല. മുഴുവൻ ചെലവും താരം സ്വയം വഹിക്കണം.
കുടുംബം പോറ്റുന്നതിനു അമ്പത്തിയേഴാം വയസിലും ട്രക്ക് ഓടിക്കുകയാണ് തോമസ്. ജീവിതം പ്രാരബ്ധങ്ങൾക്കു നടുവിലായതിനാൽ മിച്ചപ്പെട്ടിയിൽ ഒന്നുമില്ല. അതിനാൽത്തന്നെ ലോക മീറ്റിനുള്ള അവസരം കൈവിടുമോ എന്ന ശങ്കയിലാണ് തോമസ്. മലയാളക്കരയിലെ കായികപ്രേമികളിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
അടുത്തിടെ ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് മീറ്റിലെ മിന്നും പ്രകടനമാണ് തോമസിനു മുന്നിൽ സ്‌പെയിനിലേക്കു വഴി തുറന്നത്. ബംഗളൂരു മീറ്റിൽ പത്തു കിലോമീറ്റർ ഓട്ടത്തിൽ സ്വർണം വിളയിച്ച തോമസ് അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ വെള്ളി കൊയ്തു. 1500 മീറ്ററിൽ വെങ്കലം സ്വന്തമാക്കി. ലോക മീറ്റിൽ ട്രാക്കിൽ തീപ്പൊരി വീഴ്ത്താമെന്ന വിശ്വാസവും തോമസിനുണ്ട്.
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമനാണ് തോമസ്.
ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം. ദ്വാരകയിൽ വാടകവീട്ടിലാണ് താമസം.
18 ആണ്ടുകൾ മുമ്പ് കൃഷിയിൽ തോറ്റ് മുംബൈയിൽ ഡ്രൈവർപ്പണിക്കിറങ്ങിയ തോമസ് വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ് ഓട്ടമായി മാറി ഇത്രത്തോളം എത്തിയത്. ട്രക്ക് ഓടിക്കുന്നതിനിടെയുള്ള കിതപ്പ് തുടർക്കഥയായപ്പോൾ പൊടിവൈദ്യം അറിയാവുന്ന ചങ്ങാതിമാരിൽ ഒരാളാണ് നടത്തം ഉപദേശിച്ചത്. പ്രഭാതങ്ങളിലെ നടത്തം സാവകാശം തോമസിനെ ഓട്ടക്കാരനായി വളർത്തുകയായിരുന്നു.
ബാല്യ, കൗമാര, യൗവന ദശകളിൽ കായികരംഗത്തോട് തോമസിനു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നില്ല. വഞ്ഞോട് യുപി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോൾ കായിക മത്സരങ്ങൾ നടക്കുന്നിടത്ത് കാഴ്ചക്കാരൻ മാത്രമായിരുന്നു അദ്ദേഹം.
ഒരു രസത്തിനു 2014ലെ 21 കിലോമീറ്റർ മുത്തൂറ്റ് ഫിനാൻസ് കൊച്ചിൻ മാരത്തണിൽ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീർഘദൂര ഓട്ടക്കാരനെ തോമസ് തിരിച്ചറിഞ്ഞത്. രണ്ടു മണിക്കൂർ 13 മിനിറ്റ് 41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയപ്പോൾ തോമസ് നാൽപ്പത്തിനാലാം സ്ഥാനക്കാരനായിരുന്നു. ദൂരങ്ങൾ കീഴടക്കാനുള്ള കരുത്ത് കാലുകൾക്കുണ്ടെന്നു മനസിലാക്കിയ തോമസ് നേരം കിട്ടുമ്പോഴൊക്കെ കഠിനപരീശീലനത്തിൽ ഏർപ്പെട്ടു. താമരശേരി ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെയുള്ള കയറ്റം നിർത്താതെ ഓടിക്കയറുകയായിരുന്നു അഭ്യസനമുറകളിലൊന്ന്. മൂന്നു വർഷത്തിനുശേഷം, 2017ൽ നടന്ന 21 കിലോമീറ്റർ കൊച്ചിൻ മാരത്തണിൽ തോമസായിരുന്നു ഒന്നാമൻ. ദൂരം ഒരു മണിക്കൂർ 37 മിനിറ്റിൽ ഫിനിഷ് ചെയ്താണ് തോമസ് സ്വർണമെഡലിൽ മുത്തമിട്ടത്.
കേരളത്തിനകത്തും പുറത്തുമായി ഇതിനകം ഇരുപതിൽപ്പരം ദീർഘദൂര മത്സരങ്ങളിലാണ് തോമസ് പങ്കെടുത്തത്. 2017 നവംബറിൽ കൊച്ചിയിൽ നടന്ന 55 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഹാഫ് മാരത്തണിൽ വിജയഹാസം പൊഴിച്ചത് തോമസാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് വിക്ടറി സ്റ്റാൻഡിൽ നിന്ന തോമസിന്റെ കഴുത്തിൽ സ്വർണമെഡൽ ചാർത്തിയത്. വൈകിത്തുടങ്ങിയ കായിക ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി തോമസ് ഇതിനെ മനസിൽ താലോലിക്കുന്നു. 2017 നവംബർ മുതൽ ഇതുവരെ കേരളത്തിനകത്തും പുറത്തും നടന്ന മത്സരങ്ങളിൽനിന്നു ഏഴു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് തോമസ് വാരിയത്. സ്‌പെയിനിലും ഒരു മെഡലിനു ചാൻസുണ്ട്. പക്ഷേ, അവിടേക്കു പറക്കാൻ ആരാണ് ചിറകുകൾ തരികയെന്നു തോമസ് സ്വയം ചോദിക്കുന്നു.