തൃശൂർ - തൃശൂരിലടക്കം കേരളത്തിലെ വിവിധ ജില്ലകളിലെ മൊബൈൽ ഫോൺ ഉപയോക്താക്കളെ തേടിയെത്തിയ ബൊളീവിയൻ മിസ്ഡ് കോൾ സംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിൽ. ബൊളിവീയയിലെ കോൾ പ്രൊവൈഡറെക്കുറിച്ച് സൈബർ സെല്ലിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് ബൊളീവിയൻ കമ്പനി അധികൃതരടക്കമുള്ളവരുമായി സൈബർ സെൽ ബന്ധപ്പെട്ടിട്ടുണ്ട്. ബൊളീവിയൻ യീയോ, നിയുവെറ്റൽ എന്നീ സ്ഥാപനങ്ങളാണ് ഇത്തരം മിസ്ഡ് കോളുകൾക്ക് പിന്നിലെന്ന് സൈബർ സെല്ലിന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.
മിസ്ഡ് കോൾ വിളിക്കു പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ലഭ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ അന്താരാഷ്ട്ര തലത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും മറ്റും ഉടമ്പടികളുണ്ടാക്കേണ്ടി വരുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബൊളീവിയൻ മിസ്ഡ് കോൾ ഉറവിടത്തിനു പിന്നിലുള്ളവരെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുമെന്ന് ഉറപ്പില്ല.
അതേസമയം ബൊളീവിയൻ മിസ്ഡ് കോളുകളെക്കുറിച്ച് ആശങ്ക വേണ്ടതില്ലെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. ഇത്തരം കോളുകൾ അറ്റൻഡു ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പണം നഷ്ടമാകില്ലെന്നും എന്നാൽ മിസ്ഡ് കോൾ കണ്ട് തിരിച്ചുവിളിക്കുമ്പോൾ മിനിറ്റിന് 16 രൂപ എന്ന നിരക്കിൽ പണം നഷ്ടമാകുമെന്നും സൈബർ സെൽ അധികൃതർ വിശദീകരിച്ചു. വിദേശ ഫോൺ കോളുകൾക്ക് മിനുറ്റിന് ഈടാക്കുന്ന നിരക്കുപോലെ തന്നെയാണ് ഇതിലും ഈടാക്കുക. 16 രൂപയിൽ ഒരു നിശ്ചിത ശതമാനം പ്രൊവൈഡർക്ക് ലഭിക്കും. ഇത്തരത്തിൽ നിരവധി പേർ തിരിച്ചുവിളിക്കുമ്പോൾ ലക്ഷങ്ങൾ വരെ കമ്പനിക്ക് ലഭിക്കുന്ന സ്ഥിതിയുണ്ട്.
അതിനാൽ ഇത്തരം മിസ്ഡ് കോളുകൾ വരുമ്പോൾ ഒരു കാരണവശാലും തിരിച്ചുവിളിക്കരുതെന്ന് പോലീസും സൈബർ സെല്ലും നിർദ്ദേശിക്കുന്നു.
അഥവാ അബദ്ധത്തിൽ തിരിച്ചുവിളിച്ചാലും ഒരിക്കലും ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകില്ലെന്നും ഫോൺ കോൾ നിരക്ക് മാത്രമേ നഷ്ടമാകുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
ഡാറ്റ ഹാക്ക് ചെയ്യാനാണ് മിസ്ഡ് കോൾ വരുന്നതെന്ന പ്രചാരണവും തെറ്റാണെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. ഡാറ്റ ഹാക്ക് ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതെ ഒരിക്കലും മിസ്ഡ്‌കോൾ മുഖേന ഡാറ്റ ഹാക്കിംഗ് നടക്കില്ലെന്നും ഇവർ പറഞ്ഞു. മിസ്ഡ് കോളുകൾ വന്ന നമ്പറുകളിലേക്ക് തൃശൂരിലെ സൈബൽ സെൽ ഉദ്യോഗസ്ഥർ തിരിച്ചുവിളിച്ചപ്പോൾ റെക്കോർഡഡ് വോയ്‌സ് മെസേജുകളാണ് ലഭിച്ചത്. ഇതിൽ മലയാളത്തിലുള്ള അശ്ലീല സംഭാഷണ മെസേജുകളും ഉണ്ടായിരുന്നു.
തിരിച്ചുവിളിച്ച ചിലരുടെ മൊബൈൽ ഫോണുകൾ ഹാംഗായി എന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി സൈബൽ സെൽ അധികൃതർ പറഞ്ഞു.