കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയും കസ്റ്റംസും തമ്മിലുള്ള ഭിന്നത ഉപദേശക സമിതിയോഗത്തിൽ മറനീക്കി പുറത്തു വന്നു. വിദേശ യാത്രക്കാരെ കസ്റ്റംസ് അധികൃതർ മണിക്കൂറുകൾ വരിനിർത്തി പീഡിപ്പിക്കുന്നതായി ഉപദേശക സമിതിയിൽ ആക്ഷേപം ഉയർന്നിരുന്നു. ഇത് ചർച്ചക്കെടുക്കുമ്പോഴാണ് കസ്റ്റംസ് അധികൃതർ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ബോധ്യമായത്. നേരത്തെയുള്ള ഉപദേശക സമിതിയിൽ നിന്നും കസ്റ്റംസ് വിട്ടുനിന്നിരുന്നു.
ഇതോടെ കസ്റ്റംസിന്റെ നിലപാട് അതോറിറ്റി യോഗത്തിൽ തുറന്ന് പറയുകയും ചെയ്തു.
കസ്റ്റംസ് പീഡനപർവത്തെക്കുറിച്ച് മലബാർ ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധി കെ.എം.ബഷീറാണ് തെളിവ് നിരത്തി യോഗത്തിൽ വിവരിച്ചത്. വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാൻ സ്‌കാനിംഗ് മെഷിൻ,ഡോർഫ്രം മെറ്റൽ ഡിറ്റക്ടർ എന്നിവ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. വിമാനങ്ങൾ ഒന്നിച്ചെത്തുന്ന സമയത്ത് യാത്രക്കാർ മണിക്കൂറുകളോളം ടെർമിനലിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ദേഹപരിശോധന നടത്തുന്ന മെറ്റൽ ഡിറ്റക്ടർ രണ്ടെണ്ണവും പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് നോട്ടീസ് നൽകിയിരുന്നുവെന്ന് വിമാനത്താവള ഡയറക്ടർ ശ്രീനിവാസ റാവു യോഗത്തിൽ അറിയിച്ചു.എന്നാൽ ഒരു മെഷിൻ പ്രവർത്തിക്കില്ലെന്നാണ് കസ്റ്റംസ് മറുപടി പറഞ്ഞത്. അതോറിറ്റി പരിശോധിച്ചപ്പോൾ മെഷിനുകൾക്ക് തകരാർ കണ്ടെത്തിയതുമില്ല.
മതിയായ ഉദ്യോഗസ്ഥരില്ലെന്നാണ് കസ്റ്റംസ് ഇപ്പോൾ പറയുന്നത്.
പ്രശ്‌നത്തിൽ കൊച്ചിൻ കസ്റ്റംസ് കമ്മീഷണർക്ക് പരാതി നൽകാൻ ഉപദേശക സമിതി തീരുമാനിച്ചു. ഉപദേശക സമിതിയിൽ നിന്ന് കസ്റ്റംസ് അധികൃതർ വിട്ടുനിന്നതും യോഗത്തിൽ ചർച്ചയായി.