പാല് കൊടുത്ത കൈക്ക് കൊത്തി എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. ലോകത്തിലെ തന്നെ ശക്തരായ ഭരണാധികാരികളിൽ ഒരാളായ വഌദ്മിർ പുട്ടിന്റെ കാര്യവും ഇത്രയേ ഉള്ളൂവെന്ന് ശനിയാഴ്ച മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി നീങ്ങിയ വാഗ്‌നർ എന്ന കൂലിപ്പട്ടാളം ലോക ജനതയെ ബോധ്യപ്പെടുത്തി.
റഷ്യയിൽ പിന്നിട്ട വാരത്തിൽ കണ്ടത് തീർത്തും അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഇതേക്കുറിച്ച് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പുട്ടിന്റെ കാര്യം റഷ്യയിലെ പട്ടാളം തന്നെ തീരുമാനിച്ചോളുമെന്നാണ് അദ്ദേഹം പറയാറുള്ളത്. ഏതായാലും പാല് കൊടുത്ത കൈക്ക് കൊത്തി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ. ലോകത്തിലെ തന്നെ ശക്തരായ ഭരണാധികാരികളിൽ ഒരാളായ വഌദ്മിർ പുട്ടിന്റെ കാര്യവും ഇത്രയേ ഉള്ളൂവെന്ന് ശനിയാഴ്ച മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി നീങ്ങിയ വാഗ്‌നർ എന്ന കൂലിപ്പട്ടാളം ലോക ജനതയെ ബോധ്യപ്പെടുത്തി. റഷ്യയിലെ സംഭവ വികാസങ്ങൾ ലോക രാജ്യങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പുട്ടിന്റെ ഭരണത്തിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളിയായാണ് അവർ ഇതിനെ കാണുന്നത്. റഷ്യയിലെ വിമത നീക്കം യൂറോപ്പിനും അമേരിക്കക്കും വലിയ അവസരമായിരിക്കും.
പുട്ടിന്റെ അധികാരത്തിന് കടുത്ത വെല്ലുവിളിയായി മുൻ വിശ്വസ്തൻ യെവ്‌ജെനി പ്രിഗോഷിന്റെ കൂലിപ്പട്ടാളം സായുധ കലാപത്തിലേക്ക് നീങ്ങിയതോടെ റഷ്യ ആഭ്യന്തര യുദ്ധ ഭീതിയിലായി. മോസ്‌കോ നഗരത്തെ സംരക്ഷിക്കാനായി ചരിത്രത്തിലില്ലാത്ത വിധം സുരക്ഷ വർധിപ്പിക്കേണ്ടി വന്നു. നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം തകർത്തു. നഗരത്തിലേക്കുള്ള മറ്റു പ്രബല പ്രവേശന കവാടങ്ങളും സൈന്യം അടച്ചു. റെഡ് സ്‌ക്വയർ തീർത്തും വിജനമായി. ഇന്റർനെറ്റ് സേവനം അടക്കം മോസ്‌കോയിൽ നിർത്തിവെച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വാഹന ഗതാഗതവും സൈന്യം തടഞ്ഞു. മോസ്‌കോയിൽ നിന്ന് 418 കിലോമീറ്റർ അകലെ വരെ വാഗ്‌നർ ഗ്രൂപ്പ് എത്തി, രാജ്യമാകെ പട്ടാള നിയമം പ്രഖ്യാപിക്കുകയും ചെയ്തു. മോസ്‌കോയിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മേയർക്ക് നിർദേശിക്കേണ്ടി വന്നുവെന്നത് സന്ദർഭത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു.
ഉക്രൈനിൽ റഷ്യക്ക് വേണ്ടി പോരാടുന്നിടത്ത് നിന്ന് അതിർത്തി കടന്നെത്തിയ വാഗ്‌നർ സേനയുടെ 25,000 കൂലിപ്പടയാളികൾ തെക്കൻ റഷ്യൻ നഗരമായ റോസ്‌തോവ് ഓൺ ഡോൺ ആണ് ആദ്യം പിടിച്ചത്. റഷ്യയുടെ ദക്ഷിണ കമാൻഡ് ആസ്ഥാനമായ ഇവിടെ നിന്നാണ് ഉക്രൈനിലെ റഷ്യൻ സേനക്കും ആയുധങ്ങളും മറ്റും എത്തിക്കുന്നത്. പത്ത് ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ സൈനിക കേന്ദ്രങ്ങളെല്ലാം വാഗ്നർ പിടിച്ചടക്കി. വൊറൊനെജ് നഗരവും പിടിച്ചെടുത്തെന്നും മൂന്ന് റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടെന്നും പ്രിഗോഷിൻ അവകാശപ്പെട്ടിരുന്നു. നഗരത്തിലെ ഒരു എണ്ണ ഡിപ്പോയിൽ ബോംബിട്ടു.
ശ്രദ്ധേയമായ ഒരു കാര്യം കലാപ നീക്കത്തിനെത്തിയവരെ പിന്തുണയ്ക്കാനും റഷ്യയിൽ ആളുണ്ടെന്നതാണ്.
വാഗ്നർ ഗ്രൂപ്പ് അംഗങ്ങൾക്കും തലവൻ യെവ്‌ജെനി പ്രിഗോഷിനും റോസ്‌തോവ് ഓൺ ഡോൺ നഗരത്തിലെ ജനങ്ങൾ പിന്തുണ പ്രകടിപ്പിക്കുകയുണ്ടായി. ശനിയാഴ്ച രാത്രി മുതൽ റോസ്‌തോവ് നഗരത്തിൽ നിന്ന് പിന്മാറിത്തുടങ്ങിയ വാഗ്നർ അംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ഒരു വിഭാഗം പ്രദേശവാസികൾ അവർക്ക് മധുരപലഹാരങ്ങളും കുടിവെള്ളവും നൽകി. അത്രക്കുണ്ട് പുട്ടിൻജിയുടെ ഭരണ മികവ്.
പുട്ടിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാൻ മാത്രം ആരാണ് യെവ്ഗെനി പ്രിഗോഷിൻ എന്ന ചോദ്യമാണ് ഉയരുന്നത്. കവർച്ച, ആക്രമണം എന്നീ കേസുകളിൽ 12 വർഷം പ്രിഗോഷിൻ ജയിൽ ശിക്ഷ അനുഭവിച്ചു. ജയിൽ മോചിതനായ ശേഷം 1990 കളിൽ അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിൽ റെസ്റ്റോറന്റ് ബിസിനസ് ആരംഭിച്ചു. അന്ന് നഗരത്തിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനം വഹിക്കുമ്പോഴാണ് പുട്ടിൻ പ്രിഗോഷിനെ കുറിച്ച് അറിയുന്നത്. സർക്കാർ പരിപാടികളിലേക്ക് ഭക്ഷണം വിളമ്പാനുള്ള കരാർ പ്രിഗോഷിന് പുട്ടിൻ നൽകി. റെസ്റ്റോറന്റ് ബിസിനസിലൂടെയാണ് അദ്ദേഹം ധനികനായത്. സ്‌കൂളിലേക്ക് ഭക്ഷണം എത്തിക്കുന്ന കരാർ കൂടി ഏറ്റെടുത്ത് ബിസിനസ് ലോകം വികസിപ്പിച്ചു. 2010 ൽ പുട്ടിന്റെ സഹായത്തോടെ ലഭിച്ച വായ്പയിൽ വലിയൊരു ഫാക്ടറി സ്ഥാപിച്ചു. മോസ്‌കോയിൽ മാത്രം അദ്ദേഹത്തിന്റെ കമ്പനിയായ കോൺകോർഡ് പൊതുവിദ്യാലയങ്ങളിൽ ഭക്ഷണം നൽകുന്നതിനുള്ള കരാറുകളിലൂടെ ദശലക്ഷക്കണക്കിന് ഡോളർ നേടി. ഇതൊക്കെ കഴിഞ്ഞാണ് വാഗ്‌നർ എന്ന പുട്ടിന്റെ രഹസ്യ സേന ഉയർന്നു വരുന്നത്. പുട്ടിന്റെ സ്വാധീനം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് വാഗ്‌നർ സംഘത്തെ നിയോഗിച്ചത്.
ഉക്രൈൻ യുദ്ധത്തിൽ വാഗ്‌നർ പടയാളികൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാം. മാസങ്ങളായി പോരാട്ടം തുടരുന്ന ബാക്മുട്ടിൽ റഷ്യ മുന്നേറിയതിനും പിന്നീട് തളർന്നതിനും കാരണഭൂതൻ വാഗ്‌നർ തന്നെയെന്നതിൽ സംശയമില്ല. വാഗ്‌നർ ഗ്രൂപ്പിന് മതിയായ ആയുധങ്ങൾ ലഭിക്കുന്നില്ലെന്ന് ആഴ്ചകളായി ആരോപിച്ച പ്രിഗോഷിൻ തങ്ങളുടെ പക്ഷത്തെ ആൾനാശത്തിന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനെ കുറ്റപ്പെടുത്തിയിരുന്നു. യുദ്ധം തുടങ്ങിയത് തന്നെ പ്രതിരോധ മന്ത്രിയുടെ മാത്രം താൽപര്യ പ്രകാരമാണെന്ന് പ്രിഗോഷിൻ നേരത്തേയും ആരോപിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന ആവശ്യം റഷ്യൻ ഭരണകൂടം അംഗീകരിച്ചെന്ന് കാട്ടി ബാക്മുട്ടിൽ നിന്നുള്ള പിൻമാറ്റം പ്രിഗോഷിൻ ഉപേക്ഷിക്കുകയായിരുന്നു.
വാഗ്നർ സൈന്യം രണ്ട് നഗരങ്ങൾ പിടിച്ചെടുത്ത് തലസ്ഥാനമായ മോസ്‌കോക്ക് 400 കിലോമീറ്റർ അകലെ വരെയെത്തിയിട്ടും ശക്തരായ റഷ്യൻ സൈന്യം മന്ദഗതിയിൽ നടത്തിയ പ്രതികരണം പല സംശയങ്ങൾക്കുമിടയാക്കുന്നു. പ്രിഗോഷിനെ നിയമ നടപടികളിൽ നിന്നൊഴിവാക്കി നാടുകടത്തി ബെലാറസിലേക്ക് വിടാനുള്ള തീരുമാനത്തിന് പിന്നിൽ പുട്ടിൻ മറ്റെന്തോ കണ്ടിരിക്കാമെന്ന് നിരീക്ഷകർ കരുതുന്നു. എല്ലാം പുട്ടിന്റെ നാടകമാണോ എന്നാണ് പലരുടെയും സംശയം. പ്രിഗോഷിന്റെ പ്രധാന ആവശ്യം സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും തലപ്പത്ത് അഴിച്ചുപണി വേണമെന്നായിരുന്നു. ഇവരെ ഒഴിവാക്കാൻ പുട്ടിൻ പ്രിഗോഷിനെ ഉപയോഗിക്കുകയായിരുന്നോ എന്നാണ് സംശയം.
എതിരെ നിൽക്കുന്നവരെ വേരോടെ വെട്ടിമാറ്റുകയെന്നതാണ് വഌദ്മിർ പുട്ടിന്റെ രീതി. രാജ്യത്തിന്റെ സ്വന്തം കൂലിപ്പട്ടാളം ശനിയാഴ്ച റഷ്യയിൽ നടത്തിയ കലാപ നീക്കം പുട്ടിന് നേരിട്ടുള്ള വെല്ലിവിളിയായിരുന്നു. റഷ്യൻ ഭരണകൂടത്തിന് നേരെ കലാപക്കൊടി നാട്ടിയ പ്രിഗോഷിന്റെ നീക്കം ചതിയാണെന്നും പിന്നിൽ നിന്നുള്ള കുത്താണെന്നുമാണ് ഞെട്ടലിലായ പുട്ടിൻ വിശേഷിപ്പിച്ചത്.
റോസ്‌തോവ് ഓൺ ഡോൺ, വൊറൊനെജ് നഗരങ്ങൾ പിടിച്ചെടുത്ത് മോസ്‌കോയെ ലക്ഷ്യമാക്കി നീങ്ങിയ വാഗ്‌നർ സൈന്യം അന്നേ ദിവസം രാത്രി അട്ടിമറി നീക്കം ഉപേക്ഷിക്കുകയായിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പിന്മാറുകയാണെന്ന് പ്രിഗോഷിൻ പ്രഖ്യാപിക്കുകയും ചെയ്തു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ നടത്തിയ മധ്യസ്ഥ ചർച്ചയിലൂടെയായിരുന്നു പ്രിഗോഷിന്റെ മനംമാറ്റം. ചില സുരക്ഷ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രിഗോഷിൻ പിന്മാറാൻ തീരുമാനിച്ചത്. ബെലാറസും ക്രെംലിനുമാണ് ഈ വ്യവസ്ഥകൾ വിവരിച്ചത്. കലാപ നീക്കം ഉപേക്ഷിച്ച പ്രിഗോഷിനെതിരെ റഷ്യയിൽ നടപടിയുണ്ടാകില്ല. പകരം നാടുകടത്തും. അഭയം നൽകുന്നത് ബെലാറസാണ്. പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറസിലേക്ക് പോകണമെന്നും ധാരണയായി.
വാഗ്നർ അംഗങ്ങളെ റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കുമെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രി റോസ്‌തോവ് നഗരം വിട്ട പ്രിഗോഷിൻ ബെലാറസിൽ എത്തിയോ എന്ന് വ്യക്തമല്ല. മോസ്‌കോയിലേക്ക് മാർച്ച് നടത്തിയത് റഷ്യൻ ഭരണകൂടത്തെ പുറത്താക്കാനല്ലെന്നും പകരം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നെന്നും പ്രിഗോഷിന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.
വാഗ്‌നർ ഗ്രൂപ്പിന്റെ സൈനിക നീക്കത്തിലൂടെ റഷ്യ ദുർബലമാണെന്ന് തെളിഞ്ഞതായി ഉക്രൈൻ പ്രസിഡന്റ് വോൾഡിമിർ സെലൻസ്‌കി പറഞ്ഞു. ഇത് യുദ്ധഭൂമിയിൽ പുതിയൊരു അവസരമാണ് ഉക്രൈന് സമ്മാനിച്ചിരിക്കുന്നതെന്ന് ഉപ പ്രതിരോധ മന്ത്രി ഗാന്ന മാല്യാറും വിലയിരുത്തി.