വാമൊഴിയിലെ വാത്സല്യം അയാളെ അടിമുടി ഉഴിഞ്ഞു. ഉഷ്ണരശ്മികൾ ചവച്ചുതുപ്പിയ തളർമേനി വാടിയിട്ടും ആ ചെറുപ്പക്കാരൻ അടുത്ത ഹാജിയെ തേടി ദൂരെ ദൂരെ പുരുഷാരത്തിൽ ഒരു പൊട്ടായി മാറുന്നത് ഉമ്മു ഉസാമ സാകൂതം നോക്കിനിന്നു. 'അല്ലാഹുവേ.. നീയാ സേവകന്റെ മാതാപിതാക്കൾക്ക് കരുണ ചെയ്യേണമേ....' തീർത്ഥാടകയുടെ പ്രാർഥനയിൽ കരൾ പൊട്ടിയ ആകാശച്ചെരളവിൽ ചെമ്പട്ടുടുത്ത മേഘങ്ങൾ മഗ്രിബ് ബാങ്കിനു കാതോർത്തു നിന്നു.. അല്ലാഹു അക്ബർ.
കൂടാരങ്ങളുടെ താഴ്വരയിൽ ഫജ്‌റ് കഴിഞ്ഞിരിക്കുന്നു. പശ്ചാത്താപ പരവശതയിൽ ഗദ്ഗദം വിളഞ്ഞ് പഴുത്ത ആലിപ്പഴം ആ തീർത്ഥാടകയുടെ കണ്ണിലൂടെ അടർന്നു വീണുകൊണ്ടിരുന്നു. അതിൽനിന്ന് മിനായിലെ സൂര്യൻ മഴവില്ലുകളെ കോർത്തെടുത്തു.
തേങ്ങലടങ്ങാതെ അവരുടെ കണ്ണടരുകൾ പ്രാർത്ഥനാതീർത്ഥമായി.
അത് പിന്നെ മിനായിലെ മസ്ജിദിൽ വിതാനിച്ച വെണ്ണക്കല്ലിൽ പൊട്ടിച്ചിതറി.
പ്രായാധിക്യം ചാപ്പ കുത്തിയ മുഖത്ത് ഉപാസനയുടെ കരം തലോടി ഉമ്മൂമ്മ എഴുന്നേറ്റു.
എവിടെ ഉസാമ?
പരിഭ്രമത്തോടെ അവർ വിളിച്ചുകരഞ്ഞു.
''ഉസാമാ..യാ..ഉസാമാ....''
ലബ്ബയ്ക്കയുടെ ആരവങ്ങളിൽ ഉമ്മൂമ്മയുടെ വിളിയാളം ദുർബലമായി.
കൂട്ടംതെറ്റിയെന്ന് ബോധ്യമായപ്പോൾ അപകടം തീണ്ടിയ നിലവിളി വിലാപമായി.
ഉമ്മൂമ്മക്ക് മിനായിൽ മകനെ നഷ്ടപ്പെട്ടിരിക്കുന്നു.
ഫലസ്തീനിൽ നിന്ന് വന്നതാണ് ഉമ്മു ഉസാമ.
നടന്നുതളർന്ന അവരുടെ സന്ധികളിലെല്ലാം നീർക്കെട്ടുണ്ട്. കൂടാര നഗരിയിൽ അവർ താമസിക്കുന്ന തമ്പ് എവിടെയാണെന്നറിയില്ല ഉമ്മു ഉസാമക്ക്.
എല്ലാ ഹാജിമാർക്കും അടയാളങ്ങളുടെ മുദ്ര ചാർത്തിയ കൈവളയും തിരിച്ചറിയൽ കാർഡുമുണ്ട്.
പക്ഷേ ഉമ്മൂമ്മയെ സംബന്ധിച്ചടത്തോളം അങ്ങനെ ചില സമ്പ്രദായങ്ങൾ ഉള്ളത് തന്നെ ഒരു ഹജ് വളണ്ടിയർ മുന്നിലെത്തിയപ്പോൾ മാത്രമാണ് അവർ മനസ്സിലാക്കുന്നത്.
ഉമ്മൂമ്മ നൽകിയ മൊബൈൽ നമ്പറിൽ അയാൾ വിളിച്ചുനോക്കി.
എന്നാൽ മറുതലക്കൽ ഉന്നം തെറ്റിയതിന്റെ വിളംബരങ്ങൾ ആവർത്തിച്ചു.
ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ 'എന്നെ രക്ഷിക്കൂ' എന്നായി ഹതാശയായ ആ വയോധിക. തമ്പിന്റെ അടയാളമായി ഒരു ഫലസ്തീൻ കൊടി കൂടാരത്തിന് മുന്നിൽ പാറുന്നുണ്ട് -അത് മാത്രമേ അവർക്കറിയൂ.
ലഭ്യമായ വിവരങ്ങൾവെച്ച് അര നാഴിക നടന്നതേയുള്ളൂ. പ്രായം മെരുക്കിയ പെണ്ണുടൽ തളർന്നുപോയി. ഇനി ഒരടി മുന്നോട്ടില്ലെന്നായി അവർ.
വളണ്ടിയർ വൃദ്ധയെ വാരിയെടുത്തു.
സേവന സെല്ലിന്റെ വാട്‌സാപ്പിലേക്ക് വിവരം പറന്നു. നിമിഷാർധത്തിനകം തൊട്ടടുത്ത ഹെൽപ് ലൈൻ പോയന്റിൽനിന്ന് പരിഹാരം വന്നു.
സഹായ ഹസ്തം വീൽ ചെയറിന്റെ രൂപത്തിൽ കുതിച്ചെത്തി.
രക്താങ്കിതമായ ഫലസ്തീനിയൻ പതാക തേടി ആ ഉന്തുവണ്ടിയുടെ ചക്രങ്ങൾ മിനാ താഴ്‌വരയിലൂടെ ഉരുണ്ടു. നാഴികകളും വിനാഴികകളും താണ്ടി കൂടാരങ്ങളുടെ നഗരിയിൽ അലഞ്ഞു. കത്തിയാളുകയാണ് മധ്യാഹ്ന സൂര്യൻ.
ഉരുകുന്ന ഭൂമി. നിഴലോരങ്ങളൊന്നുമില്ലാതെ സൂര്യാങ്കുരങ്ങൾ വീണ് വേവുന്ന നിരത്തിൽ കരുണ ചുരത്തുന്ന സേവകനും തളരുമെന്നായി.
ദൂരെ അയാൾ ഒരു മൊബൈൽ ടവറിന്റെ അസ്ഥിത്തണൽ കണ്ടു.
ലോഹപാളികൾ ഉത്തരീയം ചുറ്റിയ അതിന്റെ നിഴലുകൾ അവർക്ക് കുട ചൂടി നിന്നു.
കൈയിൽ സംസമുണ്ട്.
അതുകൊണ്ടയാൾ ആദ്യം ഉമ്മു ഉസാമയുടെ ദാഹമകറ്റി.
പിന്നെ, സ്വന്തം മുഖത്തും മൂർധാവിലും തീർഥജലം വീഴ്ത്തി. ദാഹമകന്ന് കണ്ണ് തുറന്നപ്പോൾ അയാൾ ഉമ്മു ഉസാമയുടെ ചെരുപ്പടിക്കാലിൽ സ്വർഗം കണ്ടു.
ഏതോ ഉൾവിളി സംഭരിച്ച ഊർജത്തിൽ ഉന്തുവണ്ടിയുടെ ഉരുക്കുതാളങ്ങൾ മുന്നോട്ട് കുതിച്ചു. വെയിൽ പൊള്ളുന്ന വീഥികളിൽ വിയർപ്പ് മണികൾ ചാല് വെച്ചു. അതിൽ വൈരം പതിക്കുന്നു സൂര്യരശ്മി. ഹാജറയുടെ കണ്ണീരുപ്പ് നനഞ്ഞ അല്ലാഹുവിന്റെ അതിഥികളുടെ ഭൃത്യനാണയാൾ.
പുത്രബലിയുടെ ആത്മസമർപ്പണത്തിനു മുന്നിൽ തല കുനിച്ചുപോയ മലമടക്കുകൾക്കിടയിലൂടെയാണ് ഉന്തുവണ്ടിയുടെ യാത്ര.
ത്യാഗത്തിൽ കുളിച്ചു തോർത്തി കാരുണ്യത്തിന്റെ ഈറനുടുത്ത ഒരോർമ ഇബ്രാഹിം നബിയായി അയാൾക്ക് മുന്നിൽ നടക്കുന്നുണ്ട്. മനുഷ്യനായി ജനിച്ച് മാലാഖയേക്കാൾ ഉയിർക്കുകയായിരുന്നല്ലോ ഇബ്രാഹിം.
സഹന ശക്തിയിൽ മനുഷ്യ കുലത്തിനാകെ മാർഗദർശനം ചെയ്ത പ്രവാചകൻ.
ദൈവ സൃഷ്ടിയിൽ ഉന്നതനായ മനുഷ്യനെ സ്‌നേഹ പാഠത്താൽ ഉത്തമനാക്കിയ തിരുദൂതൻ. അറഫയിലോ മിനായിലോ മുസ്ദലിഫയിലോ കൈവീശി നടക്കുമ്പോൾ ആ സ്‌നേഹലേപനം തേടിവന്ന ഒരു ഹൃദയം
കൈവിരലിൽ സ്പർശിക്കുമെന്ന് ഓരോ സന്നദ്ധ സേവകനുമറിയാം.
രണ്ടു കഷ്ണം തൂവെള്ളകളുടെ സഞ്ചയത്തിൽ കാരുണ്യത്തികവിന്റെ ഒരു വാക്കിലോ നോക്കിലോ ലോകം അപ്പോൾ മറ്റൊന്നാകും.
അവിടെ അതിരുകൾ മായും. കടലും വൻകരകളും അലിഞ്ഞില്ലാതെയാകും.
യന്ത്രവൽക്കൃത സമൂഹത്തിൽ അത്യന്താധുനിക സാങ്കേതിക വിദ്യകളെല്ലാം വിന്യസിച്ച വിശുദ്ധ ഭൂമിയിലെ 'മഅറശറയിൽ' യന്ത്രസഹായം അസാധ്യമായിടത്ത് മനഷ്യ സംഘത്തിന്റെ ബുദ്ധിയും കഴിവും വിജയം വരിക്കുന്ന അത്ഭുത കഥ കൂടിയാണത്. കമ്പോള സ്വപ്നങ്ങളുടെ ഉടയാട ചുറ്റി സ്പീഡ് ഗവേണില്ലാതെ പായുന്നതിനിടയിൽ സ്വയമറിയാതെ ട്രാഫിക് ജാമിലാവുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥ.
ഇത്തരം സന്ദർഭങ്ങളിൽനിന്നുയരുന്ന വിലാപത്തിന്റെ മാറ്റൊലികളിലേക്കാണ് അനുതാപത്തിന്റെ സ്വയം സമർപ്പിതമായ വളണ്ടിയറുടെ ചൂണ്ടുവിരലുകൾ നീണ്ടുചെല്ലുന്നത്.
ഉന്തുവണ്ടി ഉമ്മു ഉസാമയുടെ തമ്പിലെത്തുമ്പോൾ പിടഞ്ഞുമരിക്കുന്ന പകലിന്റെ മാറിലേക്ക് ദിനാന്ത്യ രേണുക്കൾ തളർന്നഴ വീണിരുന്നു.
സ്വർഗം കടയുന്ന ജപമാലയിൽ തസ്ബീഹുകളുടെ ഉരുക്കഴിച്ച് ഉമ്മു ഉസാമ അവരുടെ കൂടാരത്തിലേക്ക് കയറിപ്പോയി. ഒരു പകൽ മുഴുവൻ അലഞ്ഞതിന്റെ ആലസ്യതയിൽ വൃദ്ധമാതാവ് ഒഴിച്ചിട്ട വീൽചെയറിൽ അയാൾ തളർന്നിരുന്നു.
ശ്രാവണ സന്ധ്യയിൽ ഹിറാമലയുടെ താഴ്വരയിൽനിന്ന്
ഉറവം കൊണ്ടൊരു ഇളംകാറ്റ് അയാളുടെ നെറ്റിത്തടത്തിൽ ഉമ്മവെച്ചു.
അയാളൊന്ന് മയങ്ങിയോ? മുരടനക്കം കേട്ട് മിഴി തുറന്നപ്പോഴുണ്ട് മുന്നിൽ ഉമ്മു ഉസാമ! അവരുടെ കൈയിൽ കുറച്ച് ഡോളറുകൾ.
ഇല്ല, അയാൾക്കന്യമാണല്ലോ ആ വിനിമയം. സ്‌നേഹപൂർവം അത് നിരസിച്ച് തിരിച്ചു നടക്കുമ്പോൾ വിസ്മയം പൂണ്ട വൃദ്ധയുടെ സ്‌നേഹം ചാലിച്ച ഉപചാരങ്ങൾ പിന്നിൽനിന്നുയർന്നു. വാമൊഴിയിലെ വാത്സല്യം അയാളെ അടിമുടി ഉഴിഞ്ഞു. ഉഷ്ണ രശ്മികൾ ചവച്ചുതുപ്പിയ തളർമേനി വാടിയിട്ടും ആ ചെറുപ്പക്കാരൻ അടുത്ത ഹാജിയെ തേടി ദൂരെദൂരെ പുരുഷാരത്തിൽ ഒരു പൊട്ടായി മാറുന്നത് ഉമ്മു ഉസാമ സാകൂതം നോക്കിനിന്നു.
'അല്ലാഹുവേ..
നീയാ സേവകന്റെ മാതാപിതാക്കൾക്ക് കരുണ ചെയ്യേണമേ....'
തീർത്ഥാടകയുടെ പ്രാർഥനയിൽ കരൾ പൊട്ടിയ ആകാശച്ചെരിവിൽ ചെമ്പട്ടുടുത്ത മേഘങ്ങൾ മഗ്രിബ് ബാങ്കിനു കാതോർത്തു നിന്നു.
അല്ലാഹു അക്ബർ..