Sorry, you need to enable JavaScript to visit this website.

പ്രിയാ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം

കണ്ണൂര്‍ - ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോ. പ്രിയാ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം. ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാന്‍സലറുടെ ഉത്തരവ് അസാധുവായെന്നും നിയമോപദേശത്തില്‍ പറയുന്നു. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്. മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രഫസറായ പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയയ്ക്ക് അനുകൂലമായി ഉത്തരവിട്ടതോടെയാണ് സര്‍വ്വകലാശാല അധികൃതര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ഐ.വി.പ്രമോദിന്റെ നിയമോപദേശം തേടിയത്.

2022 ഓഗസ്റ്റ് 17ന് ഡോ.പ്രിയാ വര്‍ഗീസിന്റെ നിയമനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. എന്നാല്‍ കോടതി വിധിയോടെ ഗവര്‍ണറുടെ ഉത്തരവ് അസാധുവായെന്നാണ് നിയമോപദേശം. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയാ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇത് സിംഗില്‍ ബെഞ്ച് അംഗീകരിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടെ പ്രിയയ്ക്കു പെട്ടെന്നുതന്നെ നിയമന ഉത്തരവു നല്‍കാനാണു സര്‍വകലാശാലയുടെ തീരുമാനം.

Latest News