വര്‍ക്കല - മകളുമായി പ്രണയത്തിലായിരുന്ന അയല്‍വാസിയായ യുവാവ് കല്യാണ ദിവസം പുലര്‍ച്ചെ മകളുമായി സംസാരിക്കമെന്ന് വാശി പിടിച്ചതും അത് പറ്റില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് വാശിപിടിച്ചതുമാണ് വര്‍ക്കലയെ നടുക്കിയ അരും കൊലയ്ക്ക് കാരണമായത്. കാല്‍ നൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം ഉപേക്ഷിച്ച മൂന്ന് വര്‍ഷം മുന്‍പ് നാട്ടിലെത്തിയ വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) വിനെയാണ് മണ്‍വെട്ടി കൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി പാര്‍ട്ടി നടത്തിയിരുന്നു. അര്‍ധരാത്രി പാര്‍ട്ടി കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമെല്ലാം പിരിഞ്ഞു പോയ ശേഷമാണ് പെണ്‍കുട്ടിയുടെ കാമുകനായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ കാറില്‍ പുലര്‍ച്ചെ ഒരു മണിയോടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. അപ്പോഴേക്കും ശ്രീലക്ഷ്മിയും മാതാപിതാക്കളും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രീലക്ഷ്മിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നാണ് രാജുവിന്റെ ബന്ധുക്കള്‍ പറയുന്നത്. ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയ ഉടന്‍ പിതാവ് രാജുവിനോട് ശ്രീലക്ഷ്മിയെ കാണണമെന്നും സംസാരിക്കണമെന്നും ജിഷ്ണു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹ വീടാണെന്നും അതിന് സമ്മതിക്കുന്ന പ്രശ്‌നമില്ലെന്നും രാജു പറഞ്ഞു. അങ്ങനെയങ്കില്‍ എന്തു വന്നാലും കണ്ടിട്ടേ പോകുകയുള്ളൂവെന്ന് ജിഷ്ണുവും കൂടെയുണ്ടായിരുന്നവരും പറഞ്ഞു. ഇതിനിടെയില്‍ ശ്രീലക്ഷ്മി പുറത്തേക്കിറങ്ങി വന്നപ്പോള്‍ ജിഷ്ണു ശ്രീലക്ഷ്‌ക്ക് നേരെ തിരിയുകയും ഉപദ്രവിക്കുകയുമായിരുന്നു. ശ്രീലക്ഷ്മിയെ നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തടയാന്‍ പിതാവ് രാജു ശ്രമിച്ചപ്പോള്‍ മറ്റു മൂന്ന് പേരും ചേര്‍ന്ന് രാജുവിനെ മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് ആദ്യം രാജുവിനെ അടിച്ചു വീഴ്ത്തിയത്. പിന്നീട് മറ്റുള്ളവരും അടിക്കുകയായിരുന്നു. സംഭവസമയം രാജുവിന്റെ ഭാര്യയും വിവാഹിതയായ മറ്റൊരു മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജുവിനെ ആക്രമിക്കുന്നത് തടയാന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ ഇവരെയും നാലംഗം സംഘം ആക്രമിച്ചു. ബഹളം കേട്ട് അയല്‍ വീടുകളില്‍ നിന്ന് ഓടിയെത്തിയെ രാജുവിന്റെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്കും മര്‍ദ്ദനമേറ്റു. ഈ സമയം രാജുവിന്റെ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. കാറ്ററിംഗ് ജോലിക്കാരെ കൊണ്ടുവിടാന്‍ പോയതായിരുന്നു.
പരിക്കേറ്റ രാജുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പേഴേക്കും മരിച്ചിരുന്നു. പ്രതികളും ആശുപത്രിയില്‍ എത്തിയിരുന്നു. രാജു മരിച്ചതറിഞ്ഞ് ഇവര്‍ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ നാലുപേരെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിഷ്ണുവിന്റെ കുടുംബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും മോശമായതിനാല്‍ രാജുവും കുടുംബവും വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഇതോടെ ജിഷ്ണുവിന് പക തുടങ്ങിയിരുന്നു. ഒരാളെയും വെറുതെ വിടില്ലെന്ന് ജിഷ്ണു പലതവണ ഭീഷണി മുഴക്കിയിരുന്നു. ശ്രീലക്ഷ്മിയെ ജിഷ്ണു അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് രാജുവും സംശയിച്ചിരുന്നു. വിവാഹത്തിനിടെ ഇവരെത്തി പ്രശ്‌നമുണ്ടാക്കാനുള്ള സാധ്യതയും രാജുവും ബന്ധുക്കളും മുന്‍കൂട്ടി കണ്ടിരുന്നു. ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. പ്രവാസിയായിരുന്ന രാജു പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി ഓട്ടോ ഓടിക്കുകയായിരുന്നു.