കൊച്ചി- നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം അടിയന്തിരമായി ഒഴുക്കിവിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ രണ്ടാഴ്ചക്കകം പൂര്‍ണ്ണമായും വെള്ളം ഒഴുക്കിവിടണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ തടയണ പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും സ്ഥലം ഉടമയായ അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ തടയണപൊളിക്കാന്‍ ഉത്തരവിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ സ്റ്റേ നീക്കാന്‍ ഏഴു മാസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീക്കങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് നിലമ്പൂര്‍ സ്വദേശി എം.പി വിനോദാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടിയാണ് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
തടയണ പൊളിക്കണമെന്ന നിലപാടാണ് ചൊവ്വാഴ്ച കോടതിയില്‍ സര്‍ക്കാരും സ്വീകരിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനാണ് ദുരന്തനിവാരണ നിയമപ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായ തടയണപൊളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. പൊടുന്നനെ തടയണപൊളിച്ചാല്‍ വെള്ളപാച്ചിലില്‍ ദുരന്തസാധ്യതയുണ്ടാകുമെന്നതിനാല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടാനുള്ള നിര്‍ദ്ദേശമാണ് കോടതി പുറപ്പെടുവിച്ചത്.
ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നെന്ന് ആരോപണമുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് പൊളിക്കാനും ഭൂനിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നടപടി സ്വീകരിക്കാനും കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്റെ പൊതുതാല്‍പര്യ ഹര്‍ജിയും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്. പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം ഒഴുക്കിവിട്ടതായും പാര്‍ക്കിന് കോഴിക്കോട് കളക്ടര്‍ സ്്‌റ്റോപ് മെമ്മോ നല്‍കിയതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. രണ്ടാഴ്ചക്കു ശേഷം ഇക്കാര്യത്തില്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.