Sorry, you need to enable JavaScript to visit this website.

തക്കാളി കിലോ 140 രൂപ, ഹോട്ടലുകളില്‍  സൗജന്യ സാമ്പാറിന് 10 രൂപയാക്കി 

തലശേരി- കെ. സുധാകരന്‍ അതിസമ്പന്ന കുടുംബത്തിലാണോ പിറന്നത്, രണ്ടര കോടി പായയില്‍ ചുരുട്ടി കൊണ്ടു പോയ സഖാവാര് എന്നെല്ലാം കേരളം ചര്‍ച്ച ചെയ്യുന്നതിനിടയ്ക്ക് പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചയുര്‍ന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആര്‍ക്കും പരിഭവമില്ല. തക്കാളിയാണ് സര്‍വ കാല റെക്കോര്‍ഡു ഭേദിച്ച് മുന്നേറിയത്. കിലോയ്ക്ക് നൂറ്റിനാല്‍പത് രൂപ. നൂറില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് ഒറ്റച്ചാട്ടമായിരുന്നു. ബ്രോയ്‌ലര്‍ കോഴിമാംസം ഒരു വര്‍ഷം മുമ്പ് 120-130 റേഞ്ചില്‍ കിട്ടിയത് ഇപ്പോള്‍ 2340-240 ആണ്. സംസ്ഥാനത്ത് ഒരു ഭരണമില്ലാത്ത പ്രതീതിയുള്ളതിനാല്‍ ആര്‍ക്കും ഇഷ്ടം പോലെ വില കൂട്ടാം. ഉദ്യോഗസ്ഥരോ, ഭരണാധികാരികളോ ഇടപെടില്ല. തക്കാളി, മുരിങ്ങക്കായ വിലകള്‍ ഉയര്‍ന്നതിന്റെ പ്രത്യാഘാതം ചിലേടങ്ങളില്‍ സാമ്പാറിലും പ്രതിഫലിച്ചു തുടങ്ങി.
സാമ്പാറില്‍ മുങ്ങിതപ്പിയാലും തക്കാളിയും മുരിങ്ങക്കായും  കാണാനില്ല, വില റോക്കറ്റിലേറിയതോടെ ഹോട്ടലുകളില്‍ സൈഡായി നല്‍കുന്ന ഫ്രീ സാമ്പാര്‍ നിര്‍ത്തി. മിക്ക ഹോട്ടലുകാരും വില 10 രൂപയാക്കി. ഈ വിലക്ക് കൊടുത്താലും മുതലാകില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. വില പിടിവിട്ടതോടെ കടകളില്‍ ഊണിന് അവിയല്‍ ഉണ്ടാക്കുന്നില്ല. തക്കാളി വില 140 ലെത്തിയപ്പോള്‍, മുരിങ്ങ ഡബിള്‍സെഞ്ച്വറി പിന്നിട്ടാണ് മുന്നേറുന്നത്. ഒറ്റ ദിവസം കൊണ്ടാണ് വില വര്‍ദ്ധനവ്. തക്കാളി വില നൂറു കടന്ന ചരിത്രമുണ്ടെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണിത്. വിളവെടുപ്പ് സീസണിലെത്തിയ മഴയാണ് പച്ചക്കറി വിലക്കുതിപ്പിന് കാരണമായി പറയുന്നത്. ബലിപെരുന്നാള്‍ സീസണില്‍ മറ്റു മാംസങ്ങള്‍ സുലഭമാവുമെന്നതിനാല്‍ സാധാരണ ഗതിയില്‍ കോഴി ഇറച്ചിക്ക് വില കൂടാറില്ല. ഇത്രയും സുഖകരമായ സാമൂഹ്യ സാഹചര്യം കേരളത്തിലുള്ളപ്പോള്‍ നമ്മളായിട്ടെന്തിന് പാവമായിരിക്കണമെന്ന് കോഴിമാംസത്തിനും തോന്നിക്കാണുമെന്നാണ് ഒരു രസികന്‍ പറഞ്ഞത്. 


 

Latest News