പാലക്കാട് - കൂട്ടം തെറ്റിയെത്തി അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. അട്ടപ്പാടി ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ കഴിഞ്ഞ കുട്ടിയാനയാണ് ചരിഞ്ഞത്.
കഴിഞ്ഞ 15-നാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിയത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും അവശനിലയിലായി ജനവാസമേഖലയിൽ എത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നൽകി സംരക്ഷിച്ചുവരികയായിരുന്നു. പരിശോധയിൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വെറ്റനറി ഡോക്ടർ പറഞ്ഞിരുന്നു. കുട്ടിയാനയെ ആന പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.